ബിരിക്കുളം എ.യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ എ.ആർ. വിജയകുമാർ നാളെ സർവീസിൽ നിന്ന് വിരമിക്കുന്നു
വെള്ളരിക്കുണ്ട് : കലാസാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെ, അധ്യാപക പ്രസ്ഥാനത്തിന്റെ ജില്ലയിലെ നേതൃനിരയിലും, പൊതു പ്രസ്ഥാനത്തിലും, സജീവമായി വ്യക്തിമുദ്ര പതിപ്പിച്ച ബിരിക്കുളം എ.യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എ.ആര്‍. വിജയകുമാര്‍ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. കോളംകുളം റെഡ് സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറി ചുമതലയിലൂടെയാണ് വിജയകുമാര്‍ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ കോളംകുളം യൂണിറ്റ് സെക്രട്ടറി, കരിന്തളം നോര്‍ത്ത് വില്ലേജ് കമ്മിറ്റിയംഗം, പരപ്പ വില്ലേജ് സെക്രട്ടറി, എളേരി ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി തുടങ്ങിയ വിവിധ ഘടകങ്ങളില്‍ യുവജന പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.
1987 സെപ്റ്റംബര്‍ 18 നാണ് ബിരിക്കുളം എ.യു. പി.സ്‌കൂളില്‍ പ്രൈമറി അധ്യാപകനായി സര്‍വ്വീസില്‍ പ്രവേശിച്ചത്. പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍, പഠിപ്പിച്ച അധ്യാപകര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള സൗഭാഗ്യവും വിജയകുമാറിനുണ്ടായി. 13 വര്‍ഷം പ്രൈമറി അധ്യാപകനായും, 23 വര്‍ഷം ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ചു.
2000 -മുതല്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചുവരുന്ന വിജയകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ 36 വര്‍ഷത്തെ അധ്യാപന അനുഭവങ്ങളുമായാണ് പടിയിറങ്ങുന്നത്.
അധ്യാപക സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ അനുഭവങ്ങളുണ്ട് അദ്ദേഹത്തിന്. 1987-ല്‍ കെപിടിയു അധ്യാപക സംഘടനയുടെ യൂണിറ്റ് കണ്‍വീനര്‍ ചുമതലയിലാണ് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി, ചിറ്റാരിക്കാല്‍ സബ്ജില്ലാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1991-ല്‍ കെഎസ്ടിഎ അധ്യാപക സംഘടന രൂപീകരിച്ചത് മുതല്‍ ഉപ ജില്ലാ കമ്മിറ്റിയംഗം, ട്രഷറര്‍, പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, ജോയിന്റ് സെക്രട്ടറി, ജില്ല ട്രഷറര്‍, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച പ്രവര്‍ത്തനാനുഭവവുമായിട്ടാണ് അദ്ദേഹം വിരമിക്കുന്നത്. ഏറ്റവും ഒടുവില്‍, കെ.എസ്.ടി.എ.സംസ്ഥാന സമ്മേളനം ജില്ലയില്‍ വെച്ച് നടക്കുമ്പോള്‍, ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് മാര്‍ച്ച് - 12 - ന് കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ചുമതലയില്‍ നിന്നും ഒഴിവായത്.
മേല്‍ ചേര്‍ത്ത അധ്യാപക സംഘടനാ പ്രവര്‍ത്തനം നടത്തുമ്പോഴും. അധ്യാപകന്‍, ഹെഡ്മാസ്റ്റര്‍ എന്നീ ചുമതലകളില്‍ ജില്ലയില്‍ അറിയപ്പെടുന്ന മികച്ച വിദ്യാലയമായി ബിരിക്കുളം സ്‌കൂളിനെ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.
വ്യത്യസ്ഥമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താന്‍ ജനകീയമായ കൂട്ടായ്മ സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ അന്യാദൃശമാണ്. 1990-ല്‍ സമ്പൂര്‍ണ സാക്ഷരതാ യജ്ഞം പദ്ധതിയില്‍ മാസ്റ്റര്‍ ട്രെയിനറായിരുന്നു.
1987- മുതല്‍ 92 വരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കലാ ട്രൂപ്പ് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.എം പരപ്പ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
No comments