Breaking News

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ 31-മുതൽ ഒ.പി. വിഭാഗം പ്രവർത്തനം തുടങ്ങും


കാഞ്ഞങ്ങാട് : സ്ത്രീകൾക്കും കുട്ടികൾക്കുമായി കാഞ്ഞങ്ങാട് പുതിയകോട്ടയിൽ പണിത സർക്കാർ ആസ്പത്രിയിൽ 31-മുതൽ ഒ.പി. വിഭാഗം പ്രവർത്തനം തുടങ്ങും. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോഴാണ് ഒ.പി. വിഭാഗമെങ്കിലും ഇവിടെ തുടങ്ങുന്നത്.

വലിയതോതിൽ അലയടിച്ച പ്രതിഷേധത്തെ തണുപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചതാണ് ആസ്പത്രി ഈ മാർച്ചിൽ തുറക്കുമെന്ന്. നേരത്തേ രണ്ടു തവണ ആസ്പത്രി തുറക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും നടന്നില്ല. മൂന്നാമത്തെ പ്രഖ്യാപനമെങ്കിലും പാളിപ്പോകാതിരിക്കാനാണ് ഒ.പി. വിഭാഗം മാത്രം തുറക്കുന്നതെന്ന ആക്ഷേപവുമുയരുന്നുണ്ട്.

ശസ്ത്രക്രിയമുറിയുടെയും ലേബർ റൂമിന്റെയും അത്യാഹിത വിഭാഗത്തിന്റെയും സജ്ജീകരണങ്ങളൊന്നും പൂർത്തിയായിട്ടില്ല. വാർഡുകളിൽ കട്ടിലും കിടക്കയുമിട്ടുള്ള ഒരുക്കങ്ങളോ മറ്റോ നടത്തിയിട്ടില്ല. യന്ത്രങ്ങളും അനുബന്ധ സാമഗ്രികളുമെല്ലാമെത്തി. അതേസമയം, ഡോക്ടർമാരുടെ നിയമനവും മറ്റു ക്രമീകരണങ്ങളൊന്നും കൃത്യമായി നടന്നില്ല. ഇതാണ് തത്കാലം ഒ.പി.യിൽ ഒപ്പിക്കുന്നതിലേക്കു കാര്യങ്ങളെത്തിയത്. കിടത്തിച്ചികിത്സയുൾപ്പെടെയുള്ളവ സജ്ജമാകാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.ആസ്പത്രിയുടെ ഭരണച്ചുമതല കാഞ്ഞങ്ങാട് നഗരസഭയ്ക്ക്‌ കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ, ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കാനോ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാനോ നഗരസഭയ്ക്കു കഴിഞ്ഞില്ല.

No comments