Breaking News

'പണമില്ലാത്തവർക്ക് സേവനമില്ല', കൈക്കൂലി കേസിൽ പിടിയിലായ നഗരസഭാ സെക്രട്ടറിക്ക് അനധികൃത സമ്പാദ്യം, കണ്ടെത്തൽ



തിരുവല്ല: കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെതിരെ കൂടുതൽ കണ്ടെത്തലുകൾ. സർവീസിലിരിക്കെ ഇയാൾ വൻതോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും വിജിലൻസിന് വിവരം കിട്ടിയിട്ടുണ്ട്. നിലവിൽ നാരായൺ സ്റ്റാലിൻ റിമാൻഡിലാണ്.

വെള്ളിയാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ നാരായൺ സ്റ്റാലിൻ വിജിലൻസിന്റെ പിടിയിലായത് നഗരസഭയിലെ ഖര മാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബൽസ് എന്ന കമ്പനി ഉടമയിൽ നിന്നാണ് സെക്രട്ടറി 25000 രൂപ വാങ്ങിയത്. ഇയാൾക്കൊപ്പം നഗര സഭയിലെ ഓഫീസ് അറ്റന്റർ ഹസീനയേയും കസ്റ്റഡിയിലെടുത്തിരുന്നു. നഗരസഭയിലെ പരിശോധനയ്ക്ക് ശേഷം വിജിലൻസ് സംഘം രണ്ട് പ്രതികളുടെയും വീട്ടിലും പരശോധന നടത്തിയിരുന്നു.



ഈ പരിശോധനയിലാണ് നാരായൺ സ്റ്റാലിന്റെ ആലപ്പുഴ പഴവീട്ടിലുള്ള വീട്ടിൽ നിന്ന് നിർണായക വിവരങ്ങൾ വിജിലൻസിന് കിട്ടിയത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പല രേഖകളും ഇവിടെ നിന്ന് കിട്ടി. ഇയാളുടെ പേരിലുള്ള സ്ഥലങ്ങളുടേ ആധാരങ്ങളും വീടുകൾ വാടകയ്ക്ക് നൽകിയതിന്റെ വിവരങ്ങളും ഇതിലുണ്ട്. ഒന്നിലധികം വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ ആളുകൾ ഇയാൾക്കെതിരെ പരാതിയും നൽകി.

തിരുവല്ല നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ നിന്ന് നാരായൺ സ്റ്റാലിൻ കൈക്കൂലി വാങ്ങിയിരുന്നു. പണം നൽകാത്തവർക്ക് ഇയാൾ കാര്യങ്ങൾ നടത്തികൊടുക്കില്ലാരുന്നു. പലരും ആവശ്യങ്ങൾ സാധിക്കാൻ ഗതികെട്ട് പണം നൽകുകയായിരുന്നു. ചില രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പമാണ് ഇയാളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിവെച്ചിരുന്നതെന്ന ആക്ഷേപവുമുണ്ട്.




ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാന രീതയിൽ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ് കണ്ടെത്തി. മാസങ്ങളായി നാരായൻ സ്റ്റാലിൻ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വിജലൻസിന്റെ നി‍ർദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം ക്രിസ് ഗ്ലോബൽസ് ഉടമ പണവുമായി നാരായൺ സ്റ്റാലിനെ സമീപിച്ചത്.

No comments