Breaking News

ആദ്യലോഡ്‌ 11 ടൺ ജില്ലയിലെ കശുവണ്ടി
 കൊല്ലത്തെത്തി


കുണ്ടംകുഴി : ജില്ലയിലെ സഹകരണ സംഘങ്ങൾ ശേഖരിച്ച 11 ടൺ കശുവണ്ടി കൊല്ലത്തെ ഫാക്ടറിയിലെത്തി. ജില്ലയിൽ നിന്നുള്ള ആദ്യത്തെ ലോഡാണിത്‌. കശുവണ്ടി വികസന കോർപറേഷന്‌ വേണ്ടി കിലോക്ക്‌ 114 രൂപക്കാണ്‌ സഹകരണ സംഘങ്ങൾ കശുവണ്ടി ശേഖരിക്കുന്നത്‌.
കുണ്ടംകുഴിയിലെ ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് (5 ടൺ), പെർളടുക്കത്തെ കൊളത്തൂർ സർവീസ് സഹകരണ ബാങ്ക് (5 ടൺ), കാഞ്ഞിരത്തിങ്കാലിലെ ബേഡകം വനിതാ സർവീസ് സഹകരണ ബാങ്ക് (ഒരു ടൺ) എന്നിവയാണ്‌ കശുവണ്ടി ശേഖരിച്ചത്‌. മെയ് 31 വരെ 114 രൂപ വില നൽകി ശേഖരിക്കും. വിദ്യാനഗറിലെ കാസർകോട്‌ മാർക്കറ്റിങ്‌ സഹകരണ സംഘം, പനത്തടി, കയ്യൂർ, ചീമേനി, കൊടക്കാട്‌ സഹകരണ സംഘങ്ങളും ശേഖരിക്കുന്നുണ്ട്‌. സഹകരണ സംഘങ്ങൾക്ക്‌ മികച്ച ഇളവുകൾ കശുവണ്ടി വികസന കോർപറേഷൻ നൽകുന്നുണ്ട്‌. ശേഖരിച്ച ശേഷമുള്ള തൂക്കകുറവിന്‌ ഏഴുശതമാനവും കട്ടിങ്‌ ഇനത്തിൽ 10 ശതമാനവും തുക നൽകും. കൊല്ലത്ത്‌ എത്തിക്കാനുള്ള വാഹന വാടകയും ചാക്കും നൽകുന്നു.
വിപണിയിൽ 100; 
സർക്കാർ നൽകുന്നത്‌ 114
പൊതുവിപണിയിൽ 100 രൂപയാണ്‌ നിലവിലുള്ള വില. സഹകരണ സംഘങ്ങളിൽ നൽകുന്നത്‌ അടത്തകാലത്തെ ഏറ്റവും മികച്ച വിലയാണ്‌. കർഷകർക്ക്‌ മികച്ച വരുമാനവും കൊല്ലത്തെ ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ കൂടുതൽ തൊഴിലും ലക്ഷ്യമിട്ടാണ്‌ സർക്കാർ ഇത്തവണ 114 രൂപ വില നിശ്ചയിച്ചത്‌. കശുവണ്ടി വികസന കോർപറേഷന്റെയും കാപക്‌സിന്റെ കീഴിലുള്ള 40 ഫാക്ടറികളിലേക്കാണ്‌ ശേഖരണം. കാസർകോട്‌ ജില്ലയിലേയും ഇരിട്ടിയിലേയും കശുവണ്ടി മികച്ച ഇനങ്ങളായതിനാൽ വലിയ ആവശ്യമാണുള്ളത്‌. ഓണം വിപണിലേക്കാണ്‌ കൂടുതലും ഉപയോഗിക്കുന്നത്‌. നാട്ടിൽ ക്ഷാമുള്ളതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കശുവണ്ടിയാണ്‌ കൂടുതലും കേരളത്തിെലെ ഫാക്ടറികളിൽ പരിപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത്‌. കാസർകോടാണ്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കശുമാവ്‌ കൃഷിയുള്ളത്‌.

No comments