Breaking News

ഒടയഞ്ചാൽ കാവേരിക്കുളത്ത് വീണ്ടും കരിങ്കൽ ഖനന നീക്കം പ്രതിഷേധ സമരവുമായി നാട്ടുകാർ


ഒടയഞ്ചാൽ: കോടോം ബേളൂര്‍ പഞ്ചായത്തിലെ ചക്കിട്ടടുക്കം കാവേരിക്കുളത്ത് വീണ്ടും കരിങ്കല്‍ ഖനന നീക്കം. പ്രതിഷേധസമരത്തിനൊരുങ്ങി നാട്. ഇതിന് മുന്നോടിയായി മാർച്ച് 19 ന് കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചക്കിട്ടടുക്കത്ത് ജനകീയപ്രതിഷേധം നടന്നു. പരിസ്ഥിതി പ്രവർത്തകൻ വി.സി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാവേരിക്കുളത്ത് കരിങ്കൽ ഖനനം തുടങ്ങാനുള്ള നീക്കത്തിനെതിരേയായിരുന്നു ഞായറാഴ്ച കാവേരിക്കുളം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സ് നടത്തിയത്. ചക്കിട്ടടുക്കത്ത് ഉച്ചകഴിഞ്ഞ് മൂന്നിന് നന്ന പ്രതിഷേധ സമരത്തിൽ പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.


മുൻപ് ഖനനനീക്കം നടന്നപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതിനാൽ നടപടികൾ നിർത്തിവെച്ചിരുന്നു. വീണ്ടും കഴിഞ്ഞമാസം രണ്ടിന് സ്ഥലത്തിന്റെ പ്ലാൻ തയ്യാറാക്കാൻ റവന്യൂ വകുപ്പ് എത്തിയതോടെയാണ് ഖനനനീക്കം വീണ്ടും തുടങ്ങിയതായി നാട്ടുകാർ അറിയുന്നത്. അതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കാവേരിക്കുളം സംരക്ഷണസമിതി രൂപവത്കരിക്കുകയും സമരത്തിന് തുടക്കംകുറിക്കാൻ തീരുമാനിക്കുകയും ചെയ്തത്.


കരിങ്കൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ പ്രദേശത്തെ 250-ൽ അധികം കുടുംബങ്ങളെ ബാധിക്കുമെന്നും കുടിവെള്ളം മുട്ടുന്നതിനൊപ്പം കാർഷിക വിളകൾ നശിക്കുമെന്നും സമരസമിതി ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, ടി.കെ. സത്യൻ, കെ. സുധാകരൻ, കെ.ആർ. മനോജ് എന്നിവർ അറിയിച്ചു


2019-മുതല്‍ പ്രകൃതി രമണീയവും പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ കാവേരിക്കുളത്ത് കരിങ്കല്‍ ഖനനത്തിനുള്ള നീക്കം തുടങ്ങിയിരുന്നു. തുടര്‍ന്ന് 2020-ല്‍ ഖനനാനുമതി നല്‍കുന്നതിന്റെ ഭാഗമായി റവന്യുവകുപ്പ് അധികൃതര്‍ സ്ഥല പരിശോധന നടത്താനെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. വീണ്ടും കഴിഞ്ഞ ഫെബ്രുവരി രണ്ടിന് റവന്യു സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്ന് ആശങ്ക വേണ്ടെന്നും സ്ഥലത്തിന്റെ പ്ലാന്‍ തയ്യാറാക്കല്‍ മാത്രമാണ് നടത്തുന്നതെന്നും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രദേശവാസികളുടെ സുരക്ഷയുമടക്കം പരിശോധിച്ച് മാത്രമേ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കുകയെന്നും തഹസില്‍ദാര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ സമരക്കാര്‍ പിന്‍മാറി. എന്നാല്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കം ഉടമകള്‍ വീണ്ടും ശക്തമാക്കുന്നത് തിരിച്ചറിഞ്ഞതോടെയാണ് ശക്തമായ സമരം തുടങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.


പശ്ചിമഘട്ട മലനിരകളില്‍ പെട്ടതും മാലോം വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതുമായ പ്രദേശമാണിത്. ഏത് സമയത്തും ഉറവ വറ്റാത്തൊരു ചെറിയ ഉറവക്കുഴി ഉള്ളതിനാലാണ് കാവേരിക്കുളം എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. ഓരോ വര്‍ഷവും കനത്ത വേനലില്‍ പള്ളത്ത് മല ആദിവാസി കോളനിയിലെയും മലയുടെ താഴ്വാരത്തെയും നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നത് പ്രകൃതിയൊരുക്കിയ ഈ കാവേരിക്കുളത്തെയാണ്. കര്‍ണാടക തലക്കാവേരിയുമായി കാവേരിക്കുളത്തിന് ബന്ധമുണ്ടെന്ന വശ്വാസവും നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ക്വാറി തുടങ്ങിയാല്‍ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നതിനൊപ്പം പ്രകൃതി രമണീയവും ഏറെ ഐതീഹ്യ പെരുമയും കൊണ്ട് സമ്പന്നമായ കാവേരിക്കുളം ഇല്ലാതാകുമെന്ന് നാട്ടുകാര്‍ പറയുന്നു.


ഏത് സമയത്തും വറ്റാത്തൊരു ചെറിയ ഉറവക്കുഴി ഉള്ളതിനാലാണ് കാവേരിക്കുളം എന്നപേര് ലഭിച്ചതെന്ന് കരുതുന്നു. ഓരോ വർഷവും കനത്ത വേനലിൽ പള്ളത്തുമല ആദിവാസി കോളനിയിലെയും മലയുടെ താഴ്‌വാരത്തെയും നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന്‌ ആശ്രയിക്കുന്നത് കാവേരിക്കുളത്തെയാണ്. കർണാടക തലക്കാവേരിയുമായി കാവേരിക്കുളത്തിന് ബന്ധമുണ്ടെന്ന വിശ്വാസവും നാട്ടുകാർക്കിടയിൽ ശക്തമാണ്.

No comments