അധ്യാപകർ ലൈംഗികമായി അതിക്രമിച്ചു; പരാതിയുമായി കലാ ക്ഷേത്രയിലെ നൂറ് വിദ്യാർത്ഥികൾ
ചെന്നൈ: അധ്യാപകർക്കെതിരെ പീഡന പരാതിയുമായി കലാ ക്ഷേത്രയിലെ വിദ്യാർത്ഥികൾ. രുക്മണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെയാണ് പീഡന പരാതി. അധ്യാപകനെതിരെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ ഹരി പത്മനെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരം വെള്ളിയാഴ്ച കേസെടുത്തു. അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നൂറ് വിദ്യാർത്ഥികൾ നാല് അധ്യാപകർക്കെതിരെ പരാതിയുമായി തമിഴ്‌നാട് വനിതാ കമ്മീഷനെ സമീപിച്ചു. അധ്യാപകർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് കോളേജ് അടച്ചു.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എ എസ് കുമാരി വെള്ളിയാഴ്ച കാമ്പസിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതൽ കാമ്പസിൽ പീഡനം നേരിട്ടതായി പല വിദ്യാർത്ഥികളും പറഞ്ഞു. ലൈംഗികാതിക്രമം ഉൾപ്പെടെ നൂറോളം പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കുമെന്നും എ എസ് കുമാരി പറഞ്ഞു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
No comments