Breaking News

'വെള്ളരിക്കുണ്ട് താലൂക്ക് ഖനന കേന്ദ്രമാകുന്നുവോ?'ഞെട്ടിക്കുന്ന വിവരങ്ങളും ആശങ്കകളും ചർച്ച ചെയ്ത് മലയോര സാംസ്‌കാരിക വേദിയുടെ പ്രതിമാസ ചർച്ച പരിപാടി


വെള്ളരിക്കുണ്ട് : ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പന്ത്രണ്ടു് കരിങ്കൽ ക്വാറികൾക്ക് പുറമെ അൻപത്തേഴു് പുതിയ ക്വാറികൾ താലൂക്ക് പരിധിയിൽ പ്രവർത്തനമാരംഭിക്കാൻ അപേക്ഷ നൽകിയതായുള്ള ഞെട്ടിക്കുന്ന വിവരമാണ് ഇന്നലെ മലയോര സാംസ്കാരിക വേദിയുടെ പ്രതിമാസ ചർച്ചാവേദിയിൽ പങ്കുവയ്ക്കപ്പെട്ടത്.പുതിയ അപേക്ഷകൾ ഔദ്യോഗിക പരിഗണനയുടെ വിവിധ ഘട്ടങ്ങളിലാണെന്നും അവയെല്ലാം അംഗീകരിക്കപ്പെടുകയും ഖനന പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്താൽ ഈ താലൂക്കിൽ ജനജീവിതം അസാധ്യമാകുമെന്നും ചർച്ചയിൽ വിഷയാവതരണം നടത്തിയ ഗ്രീൻ വല്യൂസ് സൊസൈറ്റി സെക്രട്ടറി പി.സുരേഷ് കുമാർ വ്യക്തമാക്കി.ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികളിലെ ഉൽപ്പന്നങ്ങളിൽ ഒരു ചെറിയ പങ്ക് മാത്രമാണ് ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായുള്ളതെന്നും ബാക്കി മറ്റ് മേഖലകളിലേക്കാണ് കയറ്റിപ്പോകുന്നതെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം വ്യക്തമാക്കി. പുതിയ ക്വാറികളും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള കരിങ്കൽ ഉൽപ്പന്നങ്ങളുടെ വിപണി ലക്ഷ്യം വച്ചാണെന്നും വ്യക്തമാക്കപ്പെട്ടു.ദുരന്തനിവാരണ അതോറിറ്റി റെഡു് സോണിൽ ഉൾപ്പെടുത്തി ദുരന്ത സാധ്യതാ പ്രദേശമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളുൾപ്പെടുന്ന വെള്ളരിക്കുണ്ടു് താലൂക്കിലേയ്ക്ക് റെഡു് കാറ്റഗറി വ്യവസായമായ ക്വാറികൾ കേന്ദ്രീകരിക്കപ്പെടുന്നതിനെതിരെ നാടിൻ്റെ നിലനിൽപ്പിൽ താൽപ്പര്യമുള്ള എല്ലാവരും ഉറച്ച നിലപാടെടുക്കണമെന്നു് ചർച്ചയിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. ബളാൽ ഗ്രാമ പഞ്ചായത്തംഗം പി.സി.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഇ.വി.കൃഷ്ണൻ കുന്നുകൾ നഷ്ടപ്പെട്ടാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി വിശദമായി ക്ളാസ്സെടുത്തു.റിജോഷ് മൂലേച്ചാലിൽ, ജോസ് അറക്കൽ, ഷോബി ജോസഫ്, തുടങ്ങിയവർ ചർച്ചകൾ നയിച്ചു.പി.പി. ജയൻ സ്വാഗതവും ഷാജൻ പൈങ്ങോട്ട് നന്ദിയും പറഞ്ഞു.

No comments