Breaking News

കഞ്ഞീണ്ട് കറീണ്ട്‌, ഈ കളിപ്പന്തലിൽ ; കുട്ടികളുടെ അവധിക്കാലം വേറിട്ടതാക്കി ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂൾ


ചെറുവത്തൂർ : ടെലിവിഷനും വീഡിയോ ഗെയിമിനും മുന്നിലല്ല, വീട്ടുമുറ്റത്തെ കളിപ്പന്തലിലുണ്ട് ചന്തേരയിലെ കുട്ടികൾ. അവധിക്കാലം കളി ചിരികളുടേതും മികച്ച അനുഭവങ്ങളുടേതു മാക്കി മാറ്റാനാണ് ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂൾ "കളിപ്പന്തലും കഞ്ഞീം കറീം’ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മരക്കമ്പുകൾ കുത്തിവെച്ച് പഴയസാരിയും ഓലയുമൊക്കെകൊണ്ട് മധ്യവേനലവധിക്ക് സ്കൂൾ അടച്ച അടുത്തദിനം തന്നെ വീട്ടുമുറ്റങ്ങളിൽ കളിപ്പന്തലുകൾ കെട്ടിയുണ്ടാക്കി. മുതിർന്നവരുടെ ബാല്യകാലത്തെ ഓർമകളിൽ നിറയുന്ന കാഴ്ചകളും അനുഭവങ്ങളും തിരയുകയാണ് ഇവിടുത്തെ കുട്ടികൾ.
സ്കൂൾ അടക്കുന്നതിന്റെ അടുത്തദിനം ആരംഭിക്കുന്ന ട്യൂഷനും ടെലിവിഷന് മുന്നിലിരുന്ന് സമയം കൊല്ലുന്ന പുതിയ തലമുറയ്ക്കും മുന്നിൽ പുതുവഴി തേടുകയാണ് ഈ വിദ്യാലയം. നമ്മുടെ ബാല്യകാലത്തെ നല്ലഅനുഭവങ്ങൾ എങ്ങനെ പുതുതലമുറയ്ക്ക് പകരാൻ കഴിയുമെന്ന അധ്യാപകരുടെ ചിന്തയിൽനിന്നാണ് ഇങ്ങനെയൊരു ആശയത്തിലെത്തിയത്. മാർച്ച് അവസാനം നടന്ന ക്ലാസ് പിടിഎയിൽ രക്ഷിതാക്കളെല്ലാം ഇതിന് പിന്തുണയറിയിച്ചു.
കുട്ടിക്കാലത്ത് മനസിൽ നിറയുന്ന അനുഭവങ്ങൾ പിന്നീട് കരുത്തു പകരുമെന്ന ചിന്തയിൽ രക്ഷിതാക്കൾ മുൻകൈയെടുത്ത് കളിപ്പന്തലുകൾ കെട്ടി. പന്തലിലേക്ക് കൂട്ടുകൂടി അയൽപക്കത്തെകുട്ടികളും എത്തി. മണ്ണുകൊണ്ട് ചോറും ഇലകൾകൊണ്ട് കറിയും മാത്രമല്ല ചിരട്ട ത്രാസിൽ തൂക്കവും കച്ചവടവുമെല്ലാമുണ്ട് കളിപ്പന്തലിൽ.
കളിപ്പന്തൽ മാത്രമല്ല പക്ഷികൾക്ക് ദാഹം തീർക്കാൻ വീട്ടുപരിസരങ്ങളിൽ വെള്ളം നിറച്ച് വെച്ചിട്ടുമുണ്ട് കുട്ടികൾ. കളികൾക്കൊപ്പം വായനയിലേക്ക് നയിക്കാൻ സ്കൂളിൽ അവധിക്കാല ലൈബ്രറിയും തുറന്നു. കളിപ്പന്തൽ കാണാൻ അധ്യാപകരുടെ ഗൃഹസന്ദർശനം തുടങ്ങിയതും കുട്ടികളിൽ ആവേശം നിറക്കുന്നു.


No comments