Breaking News

സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചതിന്റെ നടുക്കം മാറാതെ കാസർഗോഡ് അഡൂർ ദേവരഡുക്ക ഗ്രാമം


കാസര്‍കോട്: രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ അഡൂര്‍ ദേവരഡുക്ക ഗ്രാമം. മരിച്ച രണ്ട് കുട്ടികളും സഹോദരന്റെയും സഹോദരിയുടെയും മക്കളാണ്.

അയല്‍ വാസികള്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരന്മാരായിരുന്നു രണ്ടു കുട്ടികളും. എന്നും കളിക്കുന്നതു പോലെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിന് പോയതുകൊണ്ട് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. കുഞ്ഞുങ്ങള്‍ പുഴക്കരയിലേക്ക് പോകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയുമില്ല. ദേവരഡുക്കയിലെ ശാഫി - റുബീന ദമ്ബതികളുടെ മകന്‍ മുഹമ്മദ് ആശിഖ് (നാല്), ശാഫിയുടെ സഹോദരി സൗദയുടെയും ഹസൈനാറിന്റെയും മകന്‍ മുഹമ്മദ് ഫാസില്‍ (മൂന്ന്) എന്നിവരാണ് അഡൂര്‍ ദേവരഡുക്ക പുഴയില്‍ ചൊവ്വാഴ്ച ഉച്ചയോടെ മുങ്ങിമരിച്ചത്. ഇരുവരുടെയും പിതാക്കള്‍ സൗദി അറേബ്യയിലാണ്. തൊട്ടടുത്ത വീട്ടില്‍ കളിക്കാനെന്നു പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് പോയത്.


ഉച്ചഭക്ഷണത്തിന് സമയമായിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുഴക്കരയിലുണ്ടായിരുന്ന ഏതാനും കുട്ടികള്‍, പുഴയില്‍ മുങ്ങിത്താഴുന്നതായി അറിയിച്ചത്. ഉടന്‍ തന്നെ ശാഫിയുടെയും റുബീനയുടെയും പിതാവ് അബ്ദുര്‍ റഹ്‌മാന്‍ പുഴയില്‍ ചാടിയിറങ്ങി ആദ്യം ആശിഖിനെയും അല്‍പനേരത്തെ തിരച്ചിലിനൊടുവില്‍ ഫാസിലിനെയും പുറത്തെടുക്കുകയായിരുന്നു. അയല്‍വാസിയായ ജലീലിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി ഇരുവരെയും ഉടന്‍ തന്നെ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചു. പുറത്തെടുക്കുമ്ബോള്‍ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു. മരിച്ച ആശിഖിന്റെ സഹോദരി: ആയിശ. ഫാസിലിന്റെ സഹോദരങ്ങള്‍: ഫാറൂഖ്, ഫാത്വിമത് ബതൂല്‍, ഫൈമ.

No comments