Breaking News

ഇതാ, കാസർകോട്‌ നിന്നുമൊരു ഒരു കിടുക്കൻ പടം.. അല്ലേലും നുമ്മടെ നാട്ടീന്ന് ഉണ്ടാക്കുന്ന സിനിമകളൊന്നും മോശമാകാറില്ലല്ലോ... വിജയകരമായി പ്രദർശനം തുടരുന്ന മദനോത്സവം സിനിമ റിവ്യൂ


വെള്ളരിക്കുണ്ട് : സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി പ്രിയപ്പെട്ട സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത "മദനോത്സവം'' ഓരോ ദിവസവും ഗംഭീര അഭിപ്രായവുമായി കത്തിക്കയറുകയാണ്. സിനിമ വിജയിക്കുമ്പോൾ മറ്റൊരു താരോദയം കൂടി കാഞ്ഞങ്ങാടിൻ്റെ മണ്ണിൽ നിന്നും ഉദിച്ചുയരുകയാണ്, മറ്റാരുമല്ല സിനിമയുടെ സംവിധായകൻ സുധീഷേട്ടൻ Sudheesh Gopinath N  തന്നെ. ഫാമിലി-ഇമോഷൻസ് - എൻ്റർടെയ്നർ- കോമഡി- സറ്റയർ-ആക്ഷൻ - മാസ്സ് എല്ലാം ഒത്തിണങ്ങിയ ഒരു ഫെസ്റ്റിവൽ പാക്കേജാണ് മദനോത്സവം. സിനിമ തൻ്റെ കയ്യിൽ ഭദ്രമാണെന്ന് ആദ്യ പടം കൊണ്ട് തന്നെ സുധീഷേട്ടൻ തെളിയിച്ച് കഴിഞ്ഞു.

ഒട്ടേറെ ലയറുകളിലൂടെ കടന്നു പോകുന്ന ഗ്രാമീണനായ മദനൻ എന്ന കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്താൻ സുരാജ്‌ വെഞ്ഞാറമ്മൂട് എന്ന ടാലൻ്റഡ് നടന് കഴിഞ്ഞു. തൻ്റെ സ്വതസിദ്ധമായ നർമ്മം വിളമ്പി തിയ്യേറ്ററിൽ പൊട്ടിച്ചിരിയുണ്ടാക്കാൻ സുരാജിന് കഴിഞ്ഞു. ബാബു ആൻ്റണി എന്ന ആക്ഷൻ ഹീറോയുടെ തിരിച്ച് വരവാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.. വില്ലൻ കഥാപാത്രങ്ങളായി വന്ന ജനാർദ്ദനനും ബാബുരാജും, ഭീമൻ രഘുവും കോമഡി ചെയ്ത് നമ്മളെ ചിരിപ്പിച്ചുവെങ്കിൽ  മലയാളികളുടെ ആക്ഷൻ ഹീറോ ബാബു ആൻ്റണിയുടെ മദനൻ മഞ്ഞക്കാരൻ എന്ന കഥാപാത്രവും നമ്മളെ സീരിയസായി ചിരിപ്പിക്കും. 

സിനിമയിൽ സുരാജേട്ടൻ്റെ ആത്മമിത്രമായ മോഹനൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുമേഷ് ചന്ദ്രനും നല്ല പ്രകടനം കാഴ്ച്ച വച്ചു.


സ്വന്തം നാടായ ബളാൽ, വെള്ളരിക്കുണ്ട്, പരപ്പ, ഇടത്തോട്, രാജപുരം, പനത്തടി പ്രദേശങ്ങളിലെ ഗ്രാമഭംഗി ഒപ്പിയെടുക്കുന്ന ആദ്യ സിനിമ കൂടിയാണ് മദനോത്സവം. ഒട്ടേറെ പ്രദേശവാസികൾ സിനിമയിൽ മിന്നിമറയുന്നുണ്ട്, അതു കൊണ്ടു തന്നെ മലയോരവാസികൾക്ക് വൈകാരികമായി ഏറെ ബന്ധമുള്ള സിനിമ കൂടിയാണ് മദനോത്സവം. കെജി ജോർജിന്റെ "പഞ്ചവടിപ്പാലം" സത്യൻ അന്തിക്കാടിൻ്റെ "സന്ദേശം " എന്നീ സിനിമകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മനോഹരമായ പൊളിറ്റിക്കൽ സറ്റയർ ആണ് ഈ സിനിമ. ഗൗരവമായൊരു വിഷയത്തെ ഏതൊരു സാധാരണക്കാരനും മനസിലാക്കാവുന്ന തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയത്. ഹ്യൂമറിന് പുതിയ മാനങ്ങൾ നൽകി നമ്പൂതിരി കൊട്ടേഷൻ സഹോദരങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനും രഞ്ജി കാങ്കോലും തുടക്കം മുതൽ ഒടുക്കം വരെ തീയ്യേറ്ററിൽ ചിരി പടർത്തി. 

ക്യാമറക്ക് മുന്നിൽ മുൻ പരിചയമൊന്നുമില്ലെങ്കിലും ഡയലോഗ് ഡെലിവറിയിലൂടെ പ്രേക്ഷകരുടെ ചിരിയും കയ്യടിയും ഏറ്റുവാങ്ങിയ പെർഫോമറാണ് ചന്ദ്രിക അമ്മായി. പ്രിയ സുഹൃത്ത് ശശീന്ദ്രൻ മടിക്കൈയുടെ സഹോദരിയായ ചന്ദ്രികേച്ചിക്ക് കൂടുതൽ അവസരം ലഭിക്കുമെന്നതിൽ സംശയമില്ല.

സിനിമയിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ച്ച വച്ചു. തങ്കച്ചൻ മഞ്ഞക്കാരനായി  പ്രിയ സുഹൃത്തും നാട്ടുകാരനുമായ രാജേഷ് അഴീക്കോടന് തൻ്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ് ഈ കഥാപാത്രം. ചിണ്ടളേപ്പനായി നമ്മുടെ ജഡ്ജി കുഞ്ഞികൃഷ്ണൻ മാസ്റ്റർ വേറിട്ട പ്രകടനം കാഴ്ച്ച വച്ചു. പി.ആർ.ഒ ആയി വന്ന രാകേഷ് ഉഷാറും തങ്ങൾക്ക് ലഭിച്ച  കഥാപാത്രം കൃത്യമായ മീറ്ററിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ചെറിയ വേഷങ്ങൾ ചെയ്തവരും തങ്ങളുടെ സ്ക്രീൻ പ്രസൻസ് മികച്ചതാക്കി.


ഒരു ടീം വർക്കാണ് മദനോത്സവത്തിൻ്റെ വിജയം. ഒട്ടേറെ പേരുടെ കഠിനാധ്വാനം ചിത്രത്തിന് പിന്നിലുണ്ട്.


തുടക്കം മുതൽ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനും ചെറിയൊരു സീനിൽ ക്യാമറക്ക് മുന്നിൽ വരാനും സാധിച്ചതിലുള്ള സന്തോഷവും കൂടി പങ്കുവെക്കട്ടെ..


-ചന്ദ്രു വെള്ളരിക്കുണ്ട്

No comments