Breaking News

ജനപ്രിയമാകാൻ കെഎസ്ആർടിസി ; ടിക്കറ്റ് ചാർജ് മുപ്പത് ശതമാനം കുറച്ചുകൊണ്ട് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സ് സർവീസ്


കാഞ്ഞങ്ങാട് : കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബോർഡുകണ്ട് മാറിനിന്നവരെല്ലാം തിരികെയെത്തുന്നു. സ്വകാര്യബസ്സുകളിൽനിന്ന് ദീർഘദൂര പെർമിറ്റുകൾ ഏറ്റെടുത്ത റൂട്ടുകളിൽ മുപ്പത് ശതമാനം നിരക്ക് കുറച്ചാണ് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ സർവീസ് നടത്തുന്നത്. കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക് 87 രൂപയ്ക്ക് ടൗൺ ടു ടൗൺ ബസുകളിൽ പോയ സ്ഥാനത്ത് ടേക്ക് ഓവർ ചെയ്ത ഫാസ്റ്റ് ബസുകളിൽ 69 രൂപ മതി.
ഇതേ റൂട്ടിലെ സ്വകാര്യ ഓർഡിനറി ബസുകളേക്കാൾ കുറവാണ് ഈ നിരക്ക്.
കാസർകോടുനിന്ന് കണ്ണൂരിലേക്ക് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ 120 രൂപ വാങ്ങുമ്പോൾ ടേക്ക് ഓവർ ഫാസ്റ്റ് പാസഞ്ചറിന് 97 രൂപയാണ്.
വിവിധ ഡിപ്പോകളിൽ നിന്നായി മാനന്തവാടി, ​ഗുരുവായൂർ, കീഴ്പ്പള്ളി, പരിപ്പ്തോട്, പേരാവൂർ റൂട്ടുകളിലെല്ലാം മുപ്പതുശതമാനം നിരക്ക് കുറഞ്ഞിട്ടുണ്ട്. കണ്ണൂർ– കോഴിക്കോട് റൂട്ടുകളിൽ സ്വകാര്യബസ്സുകൾക്ക് വെല്ലുവിളിയാണ് കെഎസ്ആർടിസി നിരക്ക് കുറച്ചതോടെയുണ്ടായത്.
കാഞ്ഞങ്ങാട് –കോഴിക്കോട് റൂട്ടിൽ 200 രൂപയിൽനിന്ന് 146 രൂപയായി. ഈ റൂട്ടിൽ മുക്കിന് മുക്കിന് നിറുത്തുന്ന സ്വകാര്യ ബസ്സിൽപോലും ഇതിനേക്കാൾ ടിക്കറ്റ് നിരക്കുണ്ട്. മിനിമം നിരക്ക് 15രൂപയിൽനിന്ന് 11 രൂപയായി കുറഞ്ഞു.
പാണത്തൂരേക്ക് 53 രൂപ സ്വകാര്യബസ്സുകൾ വാങ്ങുമ്പോൾ ടേക്ക് ഓവർ ഫാസ്റ്റിന് 43 രൂപയേ ഉള്ളൂ. നേരത്തെ 61 രൂപയായിരുന്നു. പാണത്തൂർ – ഇരിട്ടി റൂട്ടിലെ ബസിലും നിരക്ക് കുറഞ്ഞിട്ടുണ്ട്. യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി ജീവനക്കാർ ബസുകൾക്ക് സ്റ്റിക്കർ പതിച്ചിട്ടുമുണ്ട്. യാത്രക്കാർ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ.


No comments