Breaking News

അട്ടപ്പാടി മധു വധക്കേസ്: പതിനാല് പ്രതികൾ കുറ്റക്കാർ, ശിക്ഷാ വിധി നാളെ, രണ്ട് പേരെ വെറുതെ വിട്ടു


പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാര്‍. രണ്ട് പേരെ വെറുതെ വിട്ടു. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയുമാണ് വെറുതെ വിട്ടത്. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെയുള്ള 304(2) വകുപ്പ് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പതിനാറാം പ്രതിക്കെതിരെ 352 വകുപ്പ് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്. കേസില്‍ ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ ആകെ 16 പ്രതികളാണുള്ളത്. പ്രതികളെല്ലാവരും കോടതിയില്‍ എത്തിയിരുന്നു. മാര്‍ച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നീതി പ്രതീക്ഷിച്ചു കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒറ്റപ്പെടുത്തലുകളും ഭീഷണിയും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് കേസിനെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്. സാക്ഷിവിസ്താരവും അന്തിമ വാദവും പൂര്‍ത്തിയായ കേസ് വിധി പറയാന്‍ രണ്ട് തവണ മാറ്റിവെച്ചിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.

No comments