Breaking News

ഉഡുപ്പി-കരിന്തളം 400 കെ.വി. വൈദ്യുത പവർലൈൻ; കളക്ടർക്കെതിരെ ആരോപണവുമായി കർഷക രക്ഷാസമിതി


ചർച്ച നടത്താനെന്ന പേരിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ കർഷകരുടെ യോഗം നടത്തിയത് കമ്പനിക്ക് വേണ്ടിയുള്ള പ്രഹസനമാണെന്നാണ് കർഷകർ പറയുന്നത്. ന്യായമായ ആവശ്യം പോലും യോഗത്തിൽ അംഗീകരിച്ചില്ലെന്നും  കമ്പനിയുടെ വക്താവായാണ് കളക്ടർ സംസാരിച്ചതെന്നും  നിരവധി കുടുംബങ്ങളെ ബാധിക്കുന്ന വിഷയം ചർച്ചചെയ്യുന്ന  യോഗത്തിലേക്ക് ജനപ്രതിനിധികളെയും രാഷ്ട്രിയപ്രതിനിധികളെയും ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴും പത്രവാർത്തയും നോട്ടീസും കണ്ട് വരണമെന്നായിരുന്നു കളക്ടറുടെ മറുപടിയെന്നും ചർച്ചയിൽ പങ്കെടുത്തവർ ആരോപിച്ചു.

ഞായറാഴ്ച രാവിലെ 10-മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് കളക്ടർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചിരുന്നത്. തുടക്കം മുതൽ ലൈൻ കടന്നുപോകുന്നതിലൂടെ സ്ഥലം നഷ്ടമാകുന്ന കർഷകർക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്ന് കർഷകർ പറയുന്നു. മൂന്നുമാസത്തിനകം ലൈൻ കടന്നുപേകുന്ന സ്ഥലമുടമകൾക്ക് നോട്ടീസ് ലഭിക്കുമെന്നും ആവശ്യമെങ്കിൽ ആ സമയത്ത് ചർച്ചചെയ്യാമെന്നുമാണ് കളക്ടർ അറിയിച്ചത്. ടവർ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും അതുമായി ബന്ധപ്പെട്ട് തടസ്സമുണ്ടായാൽ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

വീടുകളും കെട്ടിടങ്ങളും നഷ്ടമാകുന്ന കുടുംബങ്ങൾക്ക് ദേശീയപാതാ നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ തരത്തിൽ പൊതുമരാമത്ത് കെട്ടിടവിഭാഗം നിഷ്കർഷിക്കുന്ന പ്രത്യേക പാക്കേജ് നടപ്പാക്കാൻ ശ്രമിക്കും.

പവർ ലൈൻ കടന്നുപോകുന്ന ഭാഗത്ത് 46 മീറ്റർ സ്ഥലമാണ് നഷ്ടമാകുന്നതെങ്കിലും ഇതിൽ 10 മീറ്റർ സ്ഥലത്തിന് മാത്രമാണ് ന്യായവിലയുടെ 15 ശതമാനം നഷ്ടപരിഹാരം ലഭിക്കുക. ഇതിനപകരം ബാക്കിഭാഗത്തിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകുമെന്നും കളക്ടർ അറിയിച്ചു.

എന്നാൽ, വിപണിവിലയേക്കാൾ കുറവാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില. അതുകൊണ്ട് നഷ്ടമാകുന്ന ഭൂമിക്ക് 15 ശതമാനം നഷ്ടപരിഹാരമെന്നത് നാമമാത്രമായിക്കും. അത് പരിഗണിച്ച് ഇടമൺ-കൊച്ചി 400 കെ.വി. പവർ ലൈൻ വലിക്കുമ്പോൾ നൽകിയത് പോലെ പ്രത്യേക പാക്കേജോ എൽ.എ. 13 ആക്ട്‌ പ്രകാരമുള്ള നഷ്ടപരിഹാരമോ ലഭ്യമാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരക്ഷാ സമിതിയുടെ ആവശ്യം.


പാവപ്പെട്ട കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് നിലവിൽ 85 ടവറുകളും പൂർത്തിയാക്കിയത്. പലർക്കും അർഹമായ നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല. ബാക്കിയുള്ള ആറു ടവറുകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചപ്പോൾ പോലീസിനെ ഉപയോഗിച്ച് സ്ഥലം ബലമായി പിടിച്ചെടുക്കുകയായിരുന്നു. അട്ടേങ്ങാനത്ത് ടവറോ ലൈനോ കടന്നുപോകാത്ത സ്ഥലത്തെ 10 തെങ്ങുകളാണ് കോടതി നിർദ്ദേശം പോലും പാലിക്കാതെ മുറിച്ചു നീക്കിയത്. 

കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് മുറിച്ച് നീക്കുന്ന  കാർഷികവിളകൾക്ക് അടക്കം നഷ്ടപരിഹാരം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കിയ 85 ടവറുകളുടെ സ്ഥലത്തിൻ്റെ ഉടമകൾക്ക് ഇത് നൽകാനാവില്ലെന്നും വീടും സ്ഥലവും അടക്കം നഷ്ടമാവുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാൻ നിയമം ഇല്ലെന്നുമാണ് കളക്ടർ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. ജില്ലയിൽ നാനൂറിലധികം കുടുംബങ്ങളാണ് വൈദ്യുത ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദുരിതത്തിൽ ആയിരിക്കുന്നത്. 600 ഹെക്ടറിലധികം കൃഷി സ്ഥലവും ഉപയോഗശൂന്യമാകും. കൃത്യമായി സർവേ നടത്തി, ഏറ്റെടുക്കുന്ന സ്ഥലം നിശ്ചയിക്കാൻ പോലും കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ഇത്തരത്തിൽ കടുത്ത ജനദ്രോഹ നടപടികൾ ആണ്  കമ്പനിയുടെയും കളക്ടറുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ സമരത്തിന് കർഷക രക്ഷാ സമിതി നേതൃത്വം നൽകും. ഇതിൻ്റെ ഭാഗമായി 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഒടയംചാൽ വ്യാപാരഭവൻ ഹാളിൽ ഭൂമി നഷ്ടപ്പെടുന്ന കർഷകരുടെ യോഗം നടത്തുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

No comments