മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ആകേണ്ടിയിരുന്ന ഇരുവര്‍; ഓഡിഷന്‍ ചിത്രങ്ങള്‍
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രങ്ങള്‍ ഇക്കാലത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെങ്കിലും ഒരു കാലത്ത് അങ്ങനെ ആയിരുന്നില്ല. എണ്‍പതുകളില്‍ ഐ വി ശശിയുടെയും പി ജി വിശ്വംഭരന്‍റെയുമൊക്കെ നിരവധി ചിത്രങ്ങളില്‍ ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍താരങ്ങളായി മാറുന്നതിന് മുന്‍പുള്ള കാലമായിരുന്നു അത്. താരമൂല്യം വര്‍ധിച്ചതിനു ശേഷവും ഹരികൃഷ്ണന്‍സിലും ട്വന്‍റി 20യിലുമൊക്കെ അവര്‍ ഒന്നിച്ചെത്തി. എന്നാല്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള ഒരു തമിഴ് ചിത്രത്തിലും ഈ കോമ്പോ സംഭവിക്കേണ്ടതായിരുന്നു. തമിഴ്നാട് രാഷ്ട്രീയം പശ്ചാത്തലമാക്കി 1997 ല്‍ മണി രത്നത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ഇരുവര്‍ ആയിരുന്നു ആ ചിത്രം.
എപിക് പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച അനന്ദന്‍ എംജിആറിന്‍റെയും പ്രകാശ്‍രാജിന്‍റെ തമിഴ്‍സെല്‍വന്‍ കരുണാനിധിയുടെയും മാതൃകകളിലുള്ള കഥാപാത്രങ്ങളായിരുന്നു. ഇതില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ്സെല്‍വനായി മണി രത്നം ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. കഥാപാത്രത്തിനുവേണ്ടി മണി രത്നത്തിന്‍റെ ആവശ്യപ്രകാരം ഒരു ഓഡിഷനും സ്ക്രീന്‍ ടെസ്റ്റിനും തയ്യാറായി മമ്മൂട്ടി. എന്നാല്‍ പിന്നീട് ഈ പ്രോജക്റ്റില്‍ നിന്ന് മമ്മൂട്ടി പിന്മാറുകയായിരുന്നു. കരുണാനിധിയുടെ വിയോഗവേളയില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ മണി രത്നം ചിത്രത്തില്‍ കരുണാനിധിയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നതിനെക്കുറിച്ചും അത് നഷ്ടപ്പെടുത്തിയതിലുള്ള നിരാശയെക്കുറിച്ചും മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ അതിനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിട്ടില്ല.
No comments