ഫാ :മനോജ് ഒറ്റപ്ലാക്കലിന്റെ മരണം ; കലാകേരളത്തിനും കർഷക സമൂഹത്തിനും സ്യഷ്ടിച്ചത് നികത്താനാവാത്ത നഷ്ടം... മലയോരമേഖലയിലെ നിരവധി ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
വെള്ളരിക്കുണ്ട് : പൂർത്തിയാക്കാൻ ഏറെ കാര്യങ്ങൾ ബാക്കിയാക്കിവച്ചാണ് തലശേരി അതിരൂപതയിലെ ഫാ. മനോജ് ഒറ്റപ്ലാക്കൽ കഴിഞ്ഞ ദിവസം വിട പറഞ്ഞത്. വടകരക്കടുത്ത് വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയ ദുരന്തം തലശ്ശേരി അതിരൂപതയ്ക്കൊപ്പം കലാകേരളത്തിനും കർഷക സമൂഹത്തിനും സ്യഷ്ടിച്ചത് നികത്താനാവാത്ത നഷ്ടമാണ്.
നഷ്ടമായത് ഒരു വൈദീകനെ മാത്രമല്ല,വാക്കുകൾ കൊണ്ട് അത്ഭുതം കാട്ടിയ പ്രാസംഗികൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട മലയാളം അധ്യാപകൻ, എഴുത്തുകാരൻ, ചിത്രകാരൻ അങ്ങനെ ഫാ മനോജിന്റെ കൈയ്യൊപ്പ് പതിയാത്ത ഇടമില്ലായിരുന്നു. സേവനം ചെയ്ത ഇടവകകളിലെല്ലാം വ്യത്യസ്തവും നൂതനമായ പ്രവർത്തനങ്ങൾ നടത്തിയാണ് മടക്കം. എടൂർ എന്ന കുടിയേറ്റ ഗ്രാമത്തിൽ കർഷക പുത്രനായി ജനിച്ച് മനോജ് ഒറ്റപ്ലാക്കൽ എന്നും കർഷക പക്ഷത്തിനായി നിലകൊണ്ടു. കർഷക സമര വേദിയിൽ അദ്ദേഹം മണ്ണ് ഉപയോഗിച്ചു വരച്ച ചിത്രങ്ങളുമായി നടത്തിയ പ്രദർശനത്തിന്റെ പേര് "മണ്ണിര' എന്നായിരുന്നു. കൃഷിയിടങ്ങളിലെ കർഷകന്റെ ഉറ്റ ചങ്ങാതി മണ്ണിര ആയതിനാലാണ് കർഷകനെ കുറിച്ചുള്ള പ്രദർശനത്തിന് മണ്ണിര എന്നു പേരിട്ടതെന്നായിരുന്നു അച്ചൻ തന്നെ പറഞ്ഞത്. കാട്ടാന ഭീഷണി, ജപ്തി എന്നിങ്ങനെ കർഷകരുടെ ദൈന്യത വിളിച്ചോതി നടത്തിയ മണ്ണിര പ്രദർശനം വലിയ ശ്രദ്ധയാകർഷിച്ചിരുന്നു.
പിണറായിപ്പെരുമയോട് ചേർന്ന് നടത്തിയ ചിത്രകലാ ക്യാംപ് ഉൾപ്പെടെ നിരവധി പുകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കേരള ലളിത കലാ അക്കാദമി, കേരള സ്കൂൾ ഓഫ് ആർട്സ്, തലശ്ശേരി എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.2011 ഡിസംബർ 27 ന് എടൂർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ച ഫാ. മനോജ് ഒറ്റപ്ലാക്കൽ പാണത്തൂർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായാണ് പൗരോഹിത്യ ജീവിതം തുടങ്ങിയത്. പുളിങ്ങോം, കുടിയാൻമല, വെള്ളരിക്കുണ്ട്, പേരാവൂർ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായി. 2015 മുതൽ 2019 വരെ ചെട്ടിയാംപറമ്പ് ഇടവക വികാരിയായും പ്രവർത്തിച്ചു. 2019 മുതൽ 2023 മെയ് 14 വരെ തലശ്ശേരി സാൻജോസ് മെട്രോപ്പൊലിറ്റൻ സ്കൂൾ മാനേജരായി സേവനം ചെയ്തു. തലശ്ശേരി മൈനർ സെമിനാരി വൈസ് റെക്ടർ ആയി നിയമനം 2 ആഴ്ച ആകുമ്പോഴാണ് കാർ അപകടത്തിലൂടെയുള്ള മരണം.
No comments