Breaking News

തേൻ, കുടംപുളി, പടക്കം, ഷർട്ട്, പൊടിപിടിച്ച പെ‌ട്ടികളിൽ 35 ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ 1.05 കോടി രൂപയുടെ രേഖയും 17 കിലോ നാണയങ്ങൾ .... സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യം


പാലക്കാട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സ്വഭാവക്കാരൻ. വിജിലൻസ് വീട് പരിശോധിച്ചപ്പോൾ പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. പണം മാത്രമല്ല എന്ത് കൈക്കൂലിയായി നൽകിയാലും സ്വീകരിക്കുന്ന പ്രകൃതക്കാരനാണ് സുരേഷെന്ന് വിജിലൻസ് പറയുന്നു. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാർ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.

മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ ലളിത ജീവിതമാണ് സുരേഷ് നയിച്ചിരുന്നത്. ചില്ലറ കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഇത്രയും തുകയുടെ ഉടമയാണെന്ന് ആർക്കും സംശയം തോന്നിയിരുന്നില്ല. ചെറിയ ഒറ്റമുറിയിൽ കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ അലക്ഷ്യമായാണ് നോട്ടുകെ‌ട്ടുകൾ സൂക്ഷിച്ചിരുന്നത്.  കവറുകളും കടലാസ് പെട്ടികളും പൊടിയും മാറാലയും പിടിച്ചിരുന്നു. മാസങ്ങളായി വാങ്ങുന്ന പണം ചെലവഴിക്കാതെ ഇത്തരത്തിലാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയിൽ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു. 

സ്വന്തമായി കാറോ ഇരുചക്രവാഹനമോ സുരേഷിനുണ്ടായിരുന്നില്ല ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 




No comments