Breaking News

എഴുത്തിന്റെ അഞ്ചരപതിറ്റാണ്ട് ... സി.വി.ബാലകൃഷ്ണന് മലയോരത്തിന്റെ ആദരം 13 ന് വെള്ളരിക്കുണ്ടിൽ


മലനാടിന്റെ മണ്ണിനെയും  കുടിയേറിയെത്തിയവരുടെയും  ആദിവാസികളുടെയും മനസിനെയും അടുത്തറിഞ്ഞ് ആയുസിന്റെ പുസ്തകം, ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ, ഗോത്ര കഥ, പരൽമീൻ നീന്തുന്ന പാടം, ദിശ, ഏതേതോ സരണികളിൽ, എന്റെ പിഴ എന്റെ പിഴ എന്റെ പിഴ, അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുടങ്ങി എണ്ണപ്പെട്ട കൃതികൾ മലയാള സാഹിത്യ ലോകത്തിന് സംഭാവന ചെയ്ത  പ്രശസ്ത നോവലിസ്റ്റും തിരകഥാ കൃത്തുമായ സി.വി. ബാലകൃഷ്ണൻ മാഷിനെ ആദരിക്കുന്നു.

13 ശനിയാഴ്ച 3 മണിക്ക് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിലാണ് (മണ്ണൂർ കോംപ്ലക്സ്) ചടങ്ങ് നടക്കുന്നത്. മാനവ സംസ്കൃതി സംസ്ഥാന രക്ഷാധികാരി ഉമ തോമസ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. നിരൂപകനും സാഹിത്യകാരനുമായ എ.വി.പവിത്രൻ മാസ്റ്റ‍ർ 'സി.വി. കഥയും കാലവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷയാകുന്ന പരിപാടിയിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ 7 പഞ്ചായത്തുപ്രസിഡന്റുമാരും സംബന്ധിക്കും.

30ആം പതിപ്പ് പുറത്തിറങ്ങിയ ആയുസിന്റെ പുസ്തകം എന്ന നോവൽ കുടിയേറ്റ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്കൊപ്പം മലനാടിന്റെ വശ്യപ്രകൃതിയുടെ അവതരണം കൂടിയാണ്. യോഹന്നാനും സാറയും തുടങ്ങി ഈ മണ്ണിൽ നിന്നും കണ്ടെടുത്ത കഥാപാത്രങ്ങളാണ് ആത്മനിഷ്ഠമായ ഈ നോവലിലെ കഥാപാത്രങ്ങളിൽ  ഏറെയും. മലനാടിന്റെ പ്രകൃതിയും മലമുഴക്കി വേഴാമ്പലുകളുടെ കുറുകലും പുതു മണ്ണ് തേടിയുള്ള മനുഷ്യന്റെ യാത്രയും ബൈബിൾ കഥകളുമെല്ലാം തന്റെ മനസിൽ സർഗാത്മകതയുണർത്തിയതായി കഥാകാരൻ തന്നെ പറഞ്ഞിട്ടുണ്ട്. ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതവും രണ്ട് കൃതികളും അടയാളപ്പെടുത്തുന്നു. 'ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ'  എന്ന നോവലിനും ഏതേതോസരണികളിൽ എന്ന സഞ്ചാരസാഹിത്യത്തിനും, പരൽമീൻ നീന്തുന്ന പാടം എന്ന ആത്മകഥയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള മുട്ടത്തുവർക്കി സ്മാരക അവാർഡും വി ടി ഭട്ടതിരിപാട്, ജിനചന്ദ്രൻ സ്മാരക അവാർഡും സി.വി.യെ തേടിയെത്തി. ആയുസിന്റെ പുസ്തകം പുറത്തിറങ്ങി 40 വർഷം പിന്നിടുന്നു. 30ആം  പതിപ്പ് കഴിഞ്ഞ മാർച്ച് മാസത്തിൽ കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പ്രകാശനം ചെയ്തത്.


മലയോര സാംസ്ക്കാരിക വേദിയുടെ എട്ടാമത് പരിപാടിയാണിത്. ജൈവവൈൈവിധ്യങ്ങളും വ്യത്യസ്തതകളും നിലനിൽക്കുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുക, സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ ശബ്ദമായി മാറുക, മണ്ണും പരിസ്ഥിതിയും വരുംതലമുറയ്ക്കും അവകാശപ്പെട്ടതാണെന്ന് ഓർമപ്പെടുത്തുക  തുടങ്ങി ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന് അവശ്യം വേണ്ട ജാഗ്രത കാട്ടുന്നതിനുവേണ്ടി 2022 ൽ വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രീകൃതമായി  രൂപീകരിച്ചതാണ്  മലയോര സാംസ്ക്കാരിക വേദി.

രാഷ്ട്രീയ മതജാതി വേർതിരിവുകളില്ലാതെ സാംസ്കാരിക മുന്നേറ്റത്തിന് പ്രാധാന്യം നൽകികൊണ്ട്  വ്യക്തിനിഷ്ഠമല്ലാതെ ഒരു സംഘമാളുകളാണ് ഇതിന്റെ പ്രവ‍ത്തനങ്ങൾ നടത്തുന്നത്. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുക, അതിന്റെ വ്യത്യസ്ത വശങ്ങൾ ചർച്ചചെയ്യുക പരസ്പരം ആശയ സംവാദം നടത്തുക, സാംസ്കാരിക പ്രവ‍ർത്തനങ്ങൾ, പ്രകൃതി സംരക്ഷണപ്രവ‍ത്തനങ്ങൾ  എന്നിവയൊക്കെ ഇതിന്റെ പ്രവ‍ത്തനമണ്ഡലത്തിൽ വരുന്നു. എഴുത്തുകാരനും ചിന്തകനുമായ കൽപ്പറ്റ നാായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത  മലയോരസാംസ്കാരിക വേദിക്ക് സഹൃദയരുടെയും സമൂഹ്യ പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെയും കാണുന്നവരുടെയും പിന്തുണ ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, 

പത്രസമ്മേളനത്തിൽ ബാബു കോഹിന്നൂർ (പ്രസിഡന്റ്) പി പി ജയൻ (സെക്രട്ടറി) അലോഷ്യസ് ജോർജ്  (ട്രഷറർ), സണ്ണി പൈകട, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, എവുജിൻ ടി കെ, പഞ്ചായത്ത് മെമ്പർ പി സി രഘുനാഥ്, ഡാർലിൻ കടവൻ, തോമസ് ചെറിയാൻ, ഷാജൻ പൈങ്ങോട്ട്, ജോസ് സെബാസ്റ്റ്യൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ എന്നിവർ സംബന്ധിച്ചു.


No comments