Breaking News

യാത്രാബുദ്ധിമുട്ട് ; മലയോരമേഖലയിലേക്ക് കൂടുതൽ കെ എസ്ആർ ടി സി ബസ് അനുവദിക്കണമെന്ന് ആവശ്യം


കാഞ്ഞങ്ങാട് : കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധപ്പെടുത്തി കെഎസ്ആർടിസി കൂടുതൽ സർവീസ്‌ ആരംഭിക്കണമെന്ന് ആവശ്യം ശക്തം. രാവിലെ ബളാൽ –- മാനന്തവാടി ബസ്സിൽ കയറാൻ പറ്റാത്ത തിരക്കാണ്‌. ബസ്‌ ചെറുപുഴയെത്തുമ്പോഴേക്കും സീറ്റ് നിറയും. പിന്നീടുള്ള സ്റ്റോപ്പുകളിൽ കയറുന്ന ദീർഘദൂര യാത്രക്കാർ ശ്വാസം മുട്ടി നിൽക്കേണ്ട അവസ്ഥയാണ്. പലദിവസങ്ങളിലും യാത്രക്കാരെയും ഒഴിവാക്കുന്നതായും പരാതിയുണ്ട്‌. ഇതിന്‌ പരിഹാരമായി കാഞ്ഞങ്ങാട്, കാസർകോട്‌ ഡിപ്പോകളിൽനിന്ന് വയനാട്ടിലെ വിവിധയിടങ്ങളിലേക്ക്‌ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം വി രാജു മന്ത്രിക്കും എംഎൽഎക്കും നിവേദനം നൽകി.
ബളാൽവരെ ഓടുന്ന മാനന്തവാടി ബസ് രാജപുരം വരെ നീട്ടാനുള്ള ആവശ്യത്തിന്‌ ഇതുവരെ പരിഹാരമായില്ല. രാവിലെ കാഞ്ഞങ്ങാടുനിന്ന് മടിക്കൈ, തായന്നൂർ, പരപ്പ, വെള്ളരിക്കുണ്ട് വഴി കൽപ്പറ്റയിലേക്കുള്ള പുതിയ സർവീസിനുള്ള നിർദ്ദേശവും എങ്ങുമെത്തിയില്ല. പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ മലയോരത്തുകൂടി തൃശൂർ ഭാഗത്തേക്ക്‌ ആരംഭിച്ചിട്ടുണ്ടെങ്കിലും വയനാട്ടിലേക്ക്‌ സർവീസ്‌ ആരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.


No comments