Breaking News

നെരോത്ത് പെരട്ടൂർ കൂലോം ഭഗവതിക്ഷേത്രം സ്ഥാനികൻ പള്ളിയുടെ വാതിൽ തുറന്നു; കമ്മാടം ഉറൂസിന് തുടക്കമായി


പരപ്പ: നെരോത്ത് പെരട്ടൂർ കൂലോം ഭഗവതിക്ഷേത്രം സ്ഥാനികൻ പി.വി.രത്നാകരൻ കമ്മാടം ,വലിയുള്ളാഹി നഗറിലെ മഖാം തുറന്ന് കൊടുത്തത്തോടെ കമ്മാടം മഖാം ഉറൂസിന് തുടക്കമായി. ക്ഷേത്ര സാനികരെയും മറ്റും ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി താജുദ്ദീൻ കമ്മാടം വാഴക്കുല നൽകി സ്വീകരിച്ചു. പള്ളി കമ്മിറ്റി ഭാരവാഹികൾ  മഖാമിന്റെ താ ക്കോൽ കൈമാറി. കൂടിനിന്നവരുടെ സമ്മതം വാങ്ങി മഖാം തുറന്നു. ജമാഅത്ത് പ്രസിഡന്റ് കെ.പി.സുൽ ഫിക്കർ പതാക ഉയർത്തി.

നൂറ്റാണ്ടുകളായി തുടരുന്ന അനുഷ്ഠാന ചടങ്ങിന് സാക്ഷ്യം വഹിച്ച് സൗഹൃദസന്ദേശവുമായി നിരവധിയാളുകളെത്തി. നെരോത്ത്അച്ഛൻ കുഞ്ഞികൃഷ്ണൻ മൂത്തായരുടെ പ്രതിനിധി പി.വി.രത്നാകരൻ, തിരുവായുധക്കാരൻ ബാലകൃഷ്ണൻ, പി.വി.ശശിധരൻ, പി.വി.രാമനാഥൻ, സി.വി. സേതുനാഥ്, പി.വി.വിജയകുമാർ, പി.വി.രാഘവൻ എന്നിവരടങ്ങുന്നതായിരുന്നു നെരോത്ത് നിന്നെത്തിയ സംഘം തുടർന്ന് നടന്ന സൗഹൃദസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് പാലക്കി സി.എച്ച്.അബ്ദുൾ നാസർ, മുബാറക് ഹസൈനാർ ഹാജി, സുറൂർ മൊയ്തു ഹാജി, ജാതിയിൽ ഹനാർ, ബഷീർ ആറങ്ങാടി, ലത്തീഫ് അടുക്കം, സി.എച്ച്.കുഞ്ഞബ്ദുള്ള, അബ്ദുൾ അസീസ് ഹാജി എന്നിവർ സംസാരിച്ചു. മീനത്തിൽ പൂരംകുളി നാളിൽ ജമാഅത്ത് ഭാരവാഹികൾ പെരടൂർ കൂലോം സന്ദർശിച്ച് ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ചടങ്ങുകൾ കഴിഞ്ഞ് വിഭവസമൃദ്ധമായ സദ്യയും നൽകിയാണ് അതിഥികളെ യാത്രയാക്കിയത്.

നാളെ ഇ പി അബൂബക്കർ ഖാസി പ്രഭാഷണം നടത്തും. തുടർന്ന് മാണിയൂർ അബ്ദുള്ള ബാഖവിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും എട്ടിന് ഉച്ചയ്ക്ക് മൗലീദ് പാരായണവും അന്നദാനവും എന്നിവയോടെ  ഉറൂസ് സമാപിക്കും.

No comments