Breaking News

നീലേശ്വരം കാവിൽ കലശത്തിന് നാൾ കുറിച്ചു ശനിയാഴ്‌ച അകത്തേകലശവും ഞായറാഴ്‌ച പുറത്തേ കലശവും നടക്കും



നീലേശ്വരം : ഉത്തരകേരളത്തിലെ തെയ്യാട്ടക്കാലത്തിന് തിരശീലയിട്ട് ഞായറാഴ്‌ച നീലേശ്വരം മന്നമ്പുറത്ത്‌ കാവിൽ പുറത്തെകലശം. ജൂൺ രണ്ടിന്‌ രാവിലെ ഓല കൊത്തൽ ചടങ്ങ് നടക്കുന്നതോടെ കലശോത്സവത്തിന് തുടക്കമാവും. ശനിയാഴ്‌ച അകത്തേകലശവും ഞായറാഴ്‌ച പുറത്തേ കലശവും നടക്കും. അഞ്ചിന്‌ കലശചന്ത. ഇതോടെ അള്ളടം ദേശത്തെ ക്ഷേത്രോത്സവാഘോഷങ്ങൾക്ക് പരിസമാപ്തിയാകും. അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം തുലാപ്പത്തിന് ക്ഷേത്രങ്ങളും കാവുകളും വീണ്ടുമുണരും.
മന്നമ്പുറത്ത്‌ കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി കാവിലമ്മയാണ്. വിവിധ സമുദായങ്ങളുടെ കൂട്ടായ്മയുടെയും പരസ്പരഐക്യത്തിന്റെയും ഉത്തമോദാഹരണമാണ് മന്നം പുറം കലശം. മലബാർ ദേവസ്വം ബോർഡിന് കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം കൂടിയാണിത്. ശനിയാഴ്‌ച കാളരാത്രി, നടയിൽ ഭഗവതി, ക്ഷേത്രപാലകൻ, കൈക്കളോൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും. ആചാരപദവി ലഭിച്ച കോലക്കാരാണ് തിരുമുടി അണിയുന്നത്. അഞ്ഞൂറ്റാൻ, കർണമൂർത്തി, നേണിക്കം, എന്നി ആചാരക്കാരാണ് പ്രധാന കോലങ്ങൾ കെട്ടുന്നത്. മലയസമുദായത്തിലെ ഗോദവർമനാണ് കൈക്കോളൻ തെയ്യംകെട്ടുന്നത്.


No comments