അടയ്ക്ക പൊതിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി യുവാവിന്റെ നാലുവിരലുകൾ ചതഞ്ഞരഞ്ഞു
പരവനടുക്കം : അടയ്ക്ക പൊതിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി യുവാവിന്റെ നാലുവിരലുകൾ ചതഞ്ഞരഞ്ഞു. ചെമ്മനാട് കാവുങ്കാലിലാണ് സംഭവം. മയിലാട്ടി തൂവളിലെ ഉണ്ണികൃഷ്ണനാണ് (25) പരിക്കേറ്റത്. അഗ്നിരക്ഷാസേനയെത്തി രകൈ പുറത്തെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.26-നാണ് കാസർകോട് അഗ്നിരക്ഷാസേനയ്ക്ക് സഹായമഭ്യർഥിച്ച് വിളിയെത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ ടി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 12.32 -ന് സ്ഥലത്തെത്തി. നാട്ടുകാർ യന്ത്രം ഓഫാക്കി അപ്പോഴേക്കും രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു.
ഉണ്ണികൃഷ്ണന്റെ വലതുകൈ വിരലുകൾ യന്ത്രത്തിന്റെ പല്ലുക്കൾക്കിടയിൽ അകപ്പെട്ട നിലയിലായിരുന്നു. യന്ത്രം പ്രവർത്തിപ്പിച്ചാൽ അപകടത്തിന്റെ വ്യാപ്തി കൂടും.ഒരോ യന്ത്രഭാഗങ്ങളും അഴിച്ചെടുത്ത് അരമണിക്കൂറിനുള്ളിൽ അഗ്നിരക്ഷാ സേന ഉണ്ണികൃഷ്ണനെ പുറത്തെടുത്തു.
കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ച ശേഷം ഉണ്ണികൃഷ്ണനെ അടിയന്തര ശസ്ത്രക്രിയക്കായി മംഗളൂരുവിലേക്ക് മാറ്റി
No comments