Breaking News

നീലേശ്വരത്ത് യുവാവിനെ വധിക്കാൻ ശ്രമിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ


നീലേശ്വരം: മന്നംപുറത്ത് ഭഗവതി ക്ഷേത്രത്തിലെ കലശോത്സവത്തോടനുബന്ധിച്ച് വ്യാപക അക്രമം. യുവാവിനെ വധിക്കാൻ ശ്രമിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ . പാലായി കടവത്ത് ഹൗസിൽ അമ്പാടിയുടെ മകൻ കെ.അനീഷ്(32) ന് നേരെയാണ് വധശ്രമം ഉണ്ടായത്. സംഭവത്തിൽ ചിറപ്പുറത്തെ സി.സുകുമാരന്റെ മകൻ സി.സുധീഷ്(26),  ചിറക്കര വീട്ടിൽ വേണുവിന്റെ മകൻ നവനീത്(22), ചേടീറോഡിലെ മണ്ഡലം വീട്ടിൽ കുമാരന്റെ മകൻ കിഷോർ (28) എന്നിവരെയാണ് വധശ്രമകുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെ മന്നംപുറത്ത് കാവിന് സമീപം എൻ.കെ.ബിഎം ആശുപത്രിക്ക് സമീപം വെച്ചാണ് അനീഷിനുനേരെ വധശ്രമം ഉണ്ടായത്. വഴിയിൽ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികൾ നിലത്ത് മലർത്തിയിട്ടശേഷം ആണിതറച്ച പലകകൊണ്ട് അനീഷിന്റെ തലക്കും മുഖത്തും പുറത്തും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതികളെ പിടിച്ചുമാറ്റിയത്. സംഭവം അറിഞ്ഞയുടൻ പോലീസ്. സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

പിന്നീട് അറസ്റ്റുരേഖപ്പെടുത്തി. ഇരുമ്പാണിയടിച്ച വടികൊണ്ടുള്ള അടിയേറ്റ് അനീഷിന്റെ തലക്ക് മാരകമായ പരിക്കേറ്റു. കാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലും ഇവർ തന്നെയാണ് പ്രതികൾ . പൊതുജനങ്ങളേയും വഴിയാത്രക്കാരേയും ശല്ല്യപ്പെടുത്തുന്നത് തടയാൻ ചെന്ന പോലീസുകാർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് അക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തതിന് നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അമൽരാമചന്ദ്രന്റെ പരാതിയിലാണ് ഇവർക്ക് എതിരെ പോലീസ് കേസെടുത്തത്.

No comments