മഴ വെള്ളത്തോടോപ്പം ഉയരുന്ന ആശങ്ക.. കൊന്നക്കാട് അശോകച്ചാൽ പാലം അപകടത്തിൽ പുതിയ പാലം വേണമെന്ന ആവശ്യം ശക്തം
കൊന്നക്കാട്: മഴ കനക്കുമ്പോൾ ഒരു പ്രദേശത്തെ ആളുകളുടെ ആശങ്കയും ഉയരുകയാണ്. കൊന്നക്കാട് അശോച്ചാൽ റോഡിലെ അപകടത്തിലായ പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം കാലങ്ങളായുണ്ട്. കാസറഗോഡ് വികസന പാക്കേജിൽ നാല്പത് ലക്ഷം രൂപയുടെ റഫ് എസ്റ്റിമേറ്റ് പുതിയ പാലത്തിന് തയാറാക്കി പഞ്ചായത്ത് നൽകിയെങ്കിലും ഉത്തരവാദിത്ത പെട്ടവർ കണ്ണ് തുറന്നിട്ടില്ല. ഒൻപതോളം പട്ടിക വർഗ്ഗ കുടുംബങ്ങളും, മുപ്പതോളം മറ്റു കുടുംബങ്ങളും ആശ്രയയിക്കുന്നത് ഇതേ പാലമാണ്. മഴക്കാലമായാൽ കുട്ടികൾ സ്കൂളിൽ നിന്നും തിരിച്ചെത്തുന്നത് വരെ രക്ഷിതാക്കൾക്കും ആശങ്കയാണ്. മഴ അല്പം കനത്താൽ പാലത്തിന്റെ മുകളിലൂടെ വെള്ളം കയറിയിറങ്ങുന്നത് പതിവാണ്.കഴിഞ്ഞ മഴയിൽ അടിഞ്ഞു കൂടിയ മണ്ണും കല്ലും നീരൊഴുക്ക് തടയാൻ കൂടുതൽ കാരണമാകുന്നുണ്ട്. പുതിയ പാലം എത്രയും വേഗം അനുവദിക്കണമെന്ന് ബളാൽ മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ, പഞ്ചായത്ത് അംഗം പി സി രഘുനാഥൻ, അപ്പച്ചൻ ചെല്ലംകൊട്ട്, ജോർജ് തുരുത്തേൽ, സിറിൽ സെബാസ്റ്റ്യൻ, ജോയ് പുതുപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ അപകടത്തിലായ പാലം സന്ദർശിച്ചു. വകുപ്പ് മന്ത്രിക്ക് അടക്കം പരാതി നൽകുമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
No comments