Breaking News

ബുള്ളറ്റിൽ ബംഗളൂരുവിൽ പോയി ലഹരി എത്തിക്കും, തൃശ്ശൂരിൽ പിടിയിലായത് കരാട്ടെ അഭ്യാസിയും ഫാഷൻ ഡിസൈനറുമായ യുവതികൾ ഒരാൾ ആലക്കോട് സ്വദേശിനി


തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വിതരണം വ്യാപകമാകുന്നു. പോലീസിന്റേയും എക്‌സൈസിന്റേയും പരിശോധനയില്‍ നിരവധിപേര്‍ പിടിയിലാകുമ്പോഴും മയക്കുമരുന്ന് ശൃംഖലയുടെ കണ്ണി മുറിയുന്നില്ല. ഒരോ അറസ്റ്റ് കഴിയുമ്പോഴും ആ കേസ് അവസാനിക്കുകയാണ്. കണ്ണിയുടെ അങ്ങേ അറ്റം തേടി ആരും പോകുന്നില്ല. പുരുഷന്മാര്‍ മാത്രം അരങ്ങ് വാണിരുന്ന ലഹരിക്കടത്തിലേക്ക് പെണ്‍കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ എത്തിയത് പോലീസിനേയും എക്‌സൈസിനേയും കുഴക്കുകയാണ്.

ഏറ്റവും ഒടിവിലായി തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തുനിന്ന് അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് യുവതികളാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 17.5 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ചൂണ്ടല്‍ പുതുശേരി സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരാണ് അതിമാരക മയക്കുമരുന്നുമായി പിടിയിലായത്. അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. 


പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികള്‍ പിടിയിലാകുന്നത്. ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐമാരായ സുവൃത്കുമാര്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, വിപിന്‍ദാസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘം മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേനയാണ് യുവതികളെ പിന്തുടര്‍ന്നു. തുടര്‍ന്ന് ചൂണ്ടല്‍-ഗുരുവായൂര്‍ റോഡില്‍ കൂനംമുച്ചിയില്‍ വച്ച് യുവതികളെ  വലയിലാക്കുകയായിരുന്നു. യുവതികളുടെ പാന്റിന്റെ പോക്കറ്റിലായി സൂക്ഷിച്ച 17.5 ഗ്രാം അതിമാരക സിന്തറ്റിക് മയക്ക് മരുന്നായ എം ഡി എം എയാണ് പിടികൂടിയത്. പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു. 

സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. ഫാഷന്‍ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞിരിക്കുകയാണ്. തുടര്‍ന്നാണ് പ്രിയയെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കുന്നതും. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബെംഗളൂരുവിൽ  പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടില്‍ 2000 രൂപക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. 


എം ഡി എം എ. ആവശ്യക്കാരന്നെ വ്യാജേന സ്‌ക്വാഡ് ഇവരുമായി ചാറ്റിംഗ് നടത്തിയിരുന്നു. സ്‌ക്വാഡിന്റെ  പിടിയില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ട യുവതികളെ കഴിഞ്ഞ ദിവസം സ്‌ക്വാഡ് അതീവ രഹസ്യമായി തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. പിടിയിലായ  ഇരുവരെയും പിന്നീട് ലഹരി വിരുദ്ധ സ്‌ക്വാഡ് കുന്നംകുളം പോലീസിന് കൈമാറി. ഇരുവരും മയക്കുമരുന്ന് മാഫിയ റാക്കറ്റിലെ ക്യാരിയര്‍മാരാണന്ന് പൊലീസ് പറയുന്നു. കൂടാതെ ബംഗ്ലൂരില്‍ ഇവരുടെ കൂടെ മുറിയെടുത്ത് താമസിക്കാന്‍ താല്‍പ്പര്യമുള്ളവരെ പണം വാങ്ങി താമസിപ്പിച്ചിരുന്നു.  കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍,  പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതികളെ പിടികൂടിയത്.

No comments