Breaking News

ചീമേനി പോത്താംകണ്ടം അരിയിട്ട പാറയിൽ പ്രാചീനകാലത്തെ ഗുഹ കണ്ടെത്തി


ചീമേനി : മണ്ണടിഞ്ഞിട്ടില്ലാത്ത മഹാശിലായുഗ സ്മാരകങ്ങളിൽ ഉയിർത്തെഴുന്നേൽപ്പു കാത്തുകിടക്കുന്ന ചരിത്രം തേടിയുള്ള ഗവേഷണമാണിപ്പോൾ പോത്താംകണ്ടം അരിയിട്ട പാറയിൽ‌. വിശാലമായ ചെങ്കൽപ്പാറകളാണ്‌ അരിയിട്ട പാറയിലുള്ളത്‌. പാറയിൽ കൊത്തിയ വിവിധ ചിത്രങ്ങൾ, കൈ ഉയർത്തി നിർക്കുന്ന മനുഷ്യരൂപം, ചെങ്കൽ ഗുഹകൾ, കാൽക്കുഴികൾ എന്നിവയാണ്‌ ആർക്കിയോളജി വിഭാഗം നടത്തിയ സർവേയിൽ കണ്ടെത്തിയത്‌. ചായം ഉപയോഗിക്കാതെ പാറകളിൽ കോറിയെടുത്ത കൊത്തുപണികളുമുണ്ട്‌. 2500 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന പാറകളിൽ ഭംഗിയായി രൂപപ്പെടുത്തിയവയാണ്‌ ആലേഖനങ്ങൾ. ആശയവിനിമയത്തിനോ ആചാരത്തിന്റെ ഭാഗമോ അഞ്ജാതമായ മറ്റു കാരണങ്ങൾ കൊണ്ടോ ആയേക്കാം ആദിമ മനുഷ്യർ ഇത്തരത്തിലുള്ള സൃഷ്ടികൾ തീർത്തത്‌. ഗുഹകളിൽ പലതും മൃതദേഹ സംസ്‌കരാവുമായി ബന്ധപ്പെട്ടവയാണ്‌. ലോഹങ്ങളുപയോഗിച്ച്‌ പാറയിൽ തീർത്ത മനുഷ്യരൂപവും ഇവിടെ പുതുതായി കണ്ടെത്തി. ചെങ്കൽപ്പാറകളിൽ മനുഷ്യചിത്രം കൊത്തിയത്‌ കണ്ടെത്തിയ സംസ്ഥാനത്തെ ഏക സ്ഥലവുമാണ്‌ അരിയിട്ട പാറ. പ്രദേശത്ത്‌ ഇത്തരത്തിൽ ഇനിയും ചരിത്രശേഷിപ്പുകൾ കണ്ടെത്താനാകുമെന്നാണ്‌ ഗവേഷകർ പറയുന്നത്‌. ഇവിടുത്തെ പറകളിൽ മുമ്പും പഠനങ്ങൾ നടത്തിരുന്നു. മനുഷ്യരൂപങ്ങൾ, കാളകൾ, മാൻ തുടങ്ങിയ രൂപങ്ങൾ അന്ന്‌ കണ്ടെത്തിയിരുന്നു.


No comments