Breaking News

കോവിഡ് കാലത്ത് ജോലി ചെയ്ത തൊഴിലാളികൾക്ക് കൂലി അടിയന്തരമായി നൽകാൻ മന്ത്രി ഉത്തരവിട്ടു


വെള്ളരിക്കുണ്ട് :  കോവിഡ് കാലത്ത് ജോലി ചെയ്ത തൊഴിലാളികൾക്ക് കൂലി അടിയന്തരമായും നൽകാൻ മന്ത്രി ഉത്തരവിട്ടു. വെള്ളരിക്കുണ്ട് സിവിൽ സപ്ലൈ ഓഫീസിന് കീഴിലുള്ള നർക്കിലക്കാട് മാവേലി സ്റ്റോറിൽ ജോലിചെയ്ത സ്ത്രീകളടക്കമുള്ള താത്കാലിക ജീവനക്കാർക്കാണ് മാവേലിസ്റ്റോർ മാനേജരുടെ കെടുകാര്യസ്ഥതയിൽ കൂലി നിഷേധിച്ചത്. നിരവധി തവണ പരാതിയുമായി തൊഴിലാളികൾ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം കാട്ടുകയായിരുന്നു. ഇതേതുടർന്നാണ് തൊഴിലാളികൾ പരാതിയുമായി വെള്ളരിക്കുണ്ടിൽ നടന്ന പരാതി പരിഹാര അദാലത്തിൽ എത്തിയത്. പരാതി കേട്ട മന്ത്രി ഒരു മാസത്തിനുള്ളിൽ കൂലി പൂര്‍മായും നല്‍കി റിപ്പോർട്ട് നൽകണമെന്ന് സിവിൽസപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.2021 ഓഗസ്ത് മാസംവരെ റേഷൻകട വഴി വിതരണം ചെയ്ത കിറ്റുകൾ പാക്ക് ചെയ്തവർക്കാണ് കൂലി ലഭിക്കാനുള്ളത്. 13മാസം ജോലി ചെയ്ത നാല് തൊഴിലാളികൾക്കായി രണ്ട് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്.കൂലിക്കായി ഇവർ അധികൃതർക്ക് നിരവധിതവണ പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല. തിരുവനന്തപുരം സ്വദേശിയായ മാനേജർ നടത്തിയ തട്ടിപ്പുകളെ തുടർന്നാണ് ഇവരുടെ കൂലി നിഷേധിക്കപ്പെട്ടത്. ഈ മാനേജർ വിറ്റുവരവ് ബാങ്കിൽ അടക്കാതെ തിരുമറി നടത്തുകയായിരുന്നു. സസ്പൻഷനിലായ ഇയാൾ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടും തൊഴിലാളികളുടെ കൂലി നൽകാൻ നടപടിയായില്ല.നർക്കിലക്കാട് മാവേലിസ്റ്റോർ പരിധിയിലെ ഒമ്പത് റേഷൻകടകളിൽ വിതരണം ചെയ്യേണ്ട 5200 കിറ്റുകളാണ് ഓരോ മാസവും തയ്യാറാക്കി ഇവർ റേഷൻകടകളിൽ എത്തിച്ചിരുന്നത്. സർക്കാർ ജീവനക്കാരൻ നടത്തിയ തെറ്റിന് പാവങ്ങളുടെ തൊഴിലെടുത്ത കൂലി നിഷേധിച്ച നടപടിക്കെതിരെ മഹിളാ അസോസിയേഷൻ ഉൾപ്പെടെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു

No comments