കാസർകോട് : രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ട് കണ്ട് ചർച്ച നടത്തി 20 കൊറഗ വിഭാഗക്കാർ. 11ന് കൊച്ചിയിൽ നിന്നുമാണ് വിമാനത്തിൽ 100 പേർക്കൊപ്പം കൊറഗ വിഭാഗക്കാരും പോയത്. ചൊവ്വാഴ്‌ച ഇവർ നാട്ടിലേക്ക് തിരിച്ചു. പ്രാക്‌തന ഗോത്ര വിഭാഗക്കാരെയാണ് രാഷ്‌ട്രപതി ക്ഷണിച്ചത്. സംസ്ഥാനത്തുനിന്നും കൊറഗ, ചോല നായ്‌ക്കർ, കുറുമ്പ, കാടർ, കാട്ടുനായ്‌ക്ക വിഭാഗക്കാരാണ് പോയത്. ഇതിൽ കൊറഗർ ജില്ലയിൽ മാത്രമാണുള്ളത്. സംസ്ഥാന സർക്കാരിന്റെ ചിലവിലാണ് നൂറുപേരും ഡൽഹിക്ക് പോയത്. പോകുന്നതിന് മുന്നോടിയായി തൃശൂർ കിലയിൽ മന്ത്രി കെ രാധാകൃഷ്‌ണനുമായും സംഘം ചർച്ച നടത്തി.
ജില്ലയിലെ 11 പഞ്ചായത്തുകളിലായി 585 കുടുംബം മാത്രമാണ് കൊറഗ വിഭാഗക്കാരുള്ളത്. മൊത്തം 1503 പേർ. ഇവർക്കായി പട്ടിക വർഗ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. നിരന്തര ഇടപെടലും ബോധവൽക്കരണവും സ്വയം തൊഴിൽ ചെയ്യാനുള്ള സഹായവും ഏർപ്പാടാക്കി.
No comments