ചുണ്ടുള്ള കോപ്പയും പെട്ടിക്കല്ലറയും ദേശചരിത്രം പറഞ്ഞ് ചീമേനിയുടെ തനത് മുദ്രകൾ
കേരളത്തിലെ മഹാശിലാസ്മാരകങ്ങളിൽനിന്ന് അപൂർവമായി മാത്രം കിട്ടുന്ന മൺപാത്രമായ ചുണ്ടുള്ള കോപ്പ (Lipped Bowl)യും പോത്താംകണ്ടത്ത് കണ്ടെത്തി. കർണാടകയിലെ ടി നരസീപുരയിൽനിന്നും തമിഴ്നാട്ടിലെ പഴനിയിലും ഇവ കണ്ടെടുത്തിരുന്നു. കേരളത്തിൽ ഉമ്മിച്ചിപ്പൊയിലിൽനിന്നുമാത്രമേ മുമ്പ് ഇത്തരം പാത്രം കിട്ടിയുള്ളൂ. പോത്താംകണ്ടത്ത് മുമ്പെപ്പോഴോ തുറന്നുപരിശോധിക്കപ്പെട്ട ഗുഹ വൃത്തിയാക്കുമ്പോഴാണ് ലിപ്പ്ഡ് ബൗൾ കിട്ടിയത്.
ഒരുപ്രദേശത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് സാധാരണയായി മഹാ ശിലാസ്മാരകങ്ങൾ പണിയാറെങ്കിലും ചെങ്കല്ല് സുലഭമായ ചീമേനി - മുത്തന്നംപാറയിൽ കരിങ്കല്ലിൽ നിർമ്മിച്ച കൽവട്ടത്തോടു കൂടിയ പെട്ടിക്കല്ലറ (cist burial with stone circle)യും കണ്ടെത്തി. രണ്ടുകിലോമീറ്റർ ചുറ്റളവിൽ കരിങ്കൽ നിക്ഷേപമില്ലാത്ത ഇവിടെ കരിങ്കല്ലിൽ സ്മാരകം പണിയാൻ അവരെ പ്രേരിപ്പിച്ചതെന്താവുമെന്നാണ് ഗവേഷകർ അന്വേഷിക്കുന്നത്. ഇവിടെ ചെങ്കല്ലിലുള്ള കൽവട്ടവുമുണ്ട്.
20 കൽവെട്ടറകൾ പോത്താംകണ്ടത്തും പരിസരത്തും കണ്ടെത്തി. ഗുഹയ്ക്ക് മുകളിൽ, പകുതിഭാഗത്ത് വൃത്താകൃതിയിൽ ചാലുവെട്ടി അടയാളപ്പെടുത്തി ചെങ്കൽപ്പാറയില്ലാത്ത ശേഷിക്കുന്ന പകുതി വെട്ടിയെടുത്ത കല്ലുകൊണ്ട് വട്ടമുണ്ടാക്കി നിർമിച്ച കൽവെട്ടറ അരിയട്ടപാറയിൽ കണ്ടെത്തിയിരുന്നു. ചരിത്രാതീതകാല കൊത്തുചിത്രങ്ങളിലെ (pre-historic engravings) മേൽപ്പാറച്ചിത്രങ്ങളും അരിയിട്ട പാറയിലുണ്ട്. മധ്യശിലായുഗത്തിന്റെയും നവീനശിലായുഗത്തിന്റെയും മഹാശിലായുഗമെന്നറിയപ്പെടുന്ന പഴന്തമിഴ് സംസ്കൃതിയുടെയും പാദമുദ്രകൾ കൽമഴുവായും കല്ലെഴുത്തുകളായും കല്ലറകളും നടുകല്ലുകളുമായും ഇടനാടൻ ചെങ്കൽക്കുന്നുകളിൽ വ്യാപകമായുണ്ടെന്ന് തെളിയിക്കുന്നതാണ് പഠനങ്ങൾ.
No comments