Breaking News

കാസ്രോട്ടെ കുടുംബശ്രീക്കാർ സൂപ്പറാന്ന്.... കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജേതാക്കളായ ജില്ലാ ടീമിന് കാലിക്കടവിൽ സ്വീകരണം നൽകി


കാസർകോട്‌ : ആടിയും പാടിയും കാസർകോട്ടെ പെണ്ണുങ്ങൾ തൃശൂരിലെ വേദികൾ കീഴടക്കിയപ്പോൾ തുടർച്ചയായ നാലാം തവണയും കുടുംബശ്രീ കലോത്സവത്തിൽ ജില്ലാ ടീം ജേതാക്കൾ.
280 കലാകാരികളാണ് വ്യത്യസ്ത ഇനങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച് ‘അരങ്ങ്’ കീഴടക്കിയത്. ഗ്രൂപ്പിനങ്ങളിൽ മിക്കതിലും കാസർകോടിന്റെ ആധിപത്യമായിരുന്നു. മാർഗം കളി, ചവിട്ടുനാടകം, സംഘനൃത്തം , നാടകം, എരുത് കളി, അലാമിക്കളി, സ്കിറ്റ് എന്നിവയിലെല്ലാം കാസർകോട്ടെ കലാകാരികൾ തിളങ്ങി. 18 മുതൽ 60 വയസുവരെ പ്രായമുള്ളവരായിരുന്നു വിവിധ ഇനങ്ങളിൽ മത്സരിച്ചവർ.
42 സിഡിഎസ്സുകളിലും നടന്ന വാശിയേറിയ മത്സരത്തിൽ വിജയിച്ച് ജില്ലാ മത്സരത്തിലും തിളങ്ങിയവർ ജില്ലയുടെ അഭിമാനമുയർത്തിയെന്ന് കുടുംശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ പറഞ്ഞു.
ട്രോഫിയുമായി നാട്ടിലേക്കെത്തിയ ടീമിന് ജില്ലാ അതിർത്തിയായ കാലിക്കടവിൽ തിങ്കൾ പുലർച്ചെ സ്വീകരണം നൽകി. എം രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ എന്നിവരുൾപ്പെടെ നിരവധിപേർ കലാകാരികളെ സ്വീകരിക്കാനെത്തി.


No comments