Breaking News

പട്ടികവർഗ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ വിതരണം ചെയ്‌ത ലാപ്‌ടോപുകൾ അധ്യാപകർ തന്നെ സ്വന്തം മക്കൾക്ക്‌ വിതരണം ചെയ്‌തതായി ആക്ഷേപം




കാസർകോട്‌ : കോവിഡ്‌ കാലത്ത്‌ പട്ടികവർഗ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ വിതരണം ചെയ്‌ത 27 ലാപ്‌ടോപ് അധ്യാപകർ തന്നെ സ്വന്തം മക്കൾക്ക്‌ വിതരണം ചെയ്‌തതായി ആക്ഷേപം. പരാതിയുയർന്നതോടെ 25 അധ്യാപകരും ലാപ്‌ടോപ്പ്‌ തിരിച്ചേൽപ്പിച്ചു. എന്നാൽ മലയോരത്തെ ഒരു സ്‌കൂളിലെ കായികാധ്യാപകൻ, മക്കൾക്കായി വാങ്ങിയ രണ്ട്‌ ലാപ്‌ടോപ്പ്‌ ഇനിയും തിരിച്ചേൽപ്പിച്ചില്ല.
ഉടൻ മടക്കി നൽകണമെന്ന്‌ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. എട്ടിലും രണ്ടിലും പഠിക്കുന്ന തന്റെ മക്കൾക്ക് ലഭിച്ച ലാപ്ടോപ്പ് തിരികെ വാങ്ങിയെന്ന് പരാതിപ്പെട്ട് കായികാധ്യാപകന്റെ ഭാര്യ മനുഷ്യാകാശ കമ്മീഷനിൽ പരാതിപ്പെട്ടതോടെയാണ്‌ സംഭവം പുറത്തറിയുന്നത്‌.
പട്ടിക വർഗ വിഭാഗത്തിൽ പെട്ടയാളാണ്‌ താനെന്നാണ്‌ ലാപ്‌ടോപ്പ്‌ വാങ്ങിയതിൽ അധ്യാപകൻ പറയുന്ന ന്യായീകരണം. എന്നാൽ മക്കൾക്ക് ലഭിച്ച ലാപ്‌ടോപ്പ് തിരികെ നൽകാതെ പരാതിയുമായി കമ്മീഷനിലെത്തിയത് ദുരുപദിഷ്ടമാണെന്ന് കമ്മീഷൻ പറഞ്ഞു. ലാപ്പ്ടോപ്പ് തിരികെ ചോദിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും നടപടിയിൽ അപാകതയില്ല. 62,200 രൂപ അടിസ്ഥാന ശമ്പളമുള്ള അധ്യാപകന് മക്കൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകാൻ ശേഷിയുണ്ട്‌.
പ്രഥമാധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ലാപ്പ്ടോപ്പ് വിതരണത്തിലെ ക്രമക്കേട് ചൂണ്ടികാണിക്കപ്പെട്ടതിനെ തുടർന്നാണ് ഡിഇഒ അന്വേഷണം നടത്തിയത്. 25 രക്ഷകർത്താക്കൾ ലാപ്ടോപ്പ് തിരികെ ഏൽപ്പിച്ചു. കായികാധ്യാപകന്റെ സ്കൂളിൽ ഏഴ്‌ ലാപ്പ്ടോപ്പ്‌ അനർഹമായി വിതരണം ചെയ്‌തിരുന്നു. ഇതിൽ അഞ്ചെണ്ണം തിരികെ കിട്ടി. അധ്യാപകൻ മാത്രം അനർഹമായി കൈവശം വച്ച്‌, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

കർശന നടപടി വേണം: എകെഎസ്‌

കാസർകോട്‌
പട്ടിക വർഗ മേഖലയിലെ വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് സ്വന്തം മക്കൾക്ക് നൽകിയ സംഭവത്തിൽ അധ്യാപകനെതിരെ കർശന നടപടി വേണമന്ന്‌ ആദിവാസി ക്ഷേമസമിതി ആവശ്യപ്പെട്ടു. അധ്യാപകർ സ്വന്തം മക്കൾക്ക് തന്നെ ലാപ്‌ടോപ്പ്‌ നൽകിയത്‌ അംഗീകരിക്കാനാകില്ല. അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ ജില്ലാ വിദ്യഭ്യാസ ഓഫീസിലേക്ക് ശക്തമായ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന്‌ ജില്ലാസെക്രട്ടറി അശോകൻ കുന്നൂച്ചി പ്രസ്‌താവനയിൽ അറിയിച്ചു.



No comments