മലയോരത്തെ കാട്ടാനശല്യം ; ജനകീയ തൂക്കുവേലിയുമായി നാട്ടുകാർ നാട്ടുകാർ നിർമിച്ച സൗരോർജ ആനവേലി സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും
ബേത്തൂർപാറ : മലയോരത്തെ കാട്ടാനശല്യത്തിന് പരിഹാരമായി ജനകീയ തൂക്കുവേലിയുമൊരുങ്ങി. മലാംകടപ്പു മുതൽ കാട്ടിപ്പാറ വരെയുള്ള ആനപ്രതിരോധ സോളാർ വേലി പുലിപ്പറമ്പിലെ കാറഡുക്ക ബ്ലോക്ക് ആനവേലിയുമായി കൂടിച്ചേരുന്നതോടെ കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവി ആക്രമണം വലിയ തോതിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലാങ്കടപ്പ് മുതൽ കാട്ടിപ്പാറ നെല്ലിത്തട്ടുവരെ നാലുകിലോമീറ്ററിൽ നാട്ടുകാർ നിർമിച്ച സൗരോർജ ആനവേലി വെള്ളി പകൽ മൂന്നിന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഡിഎഫ്‌ഒ കെ അഷ്‌റഫ് മുഖ്യാതിഥിയാകും. മലാംകടപ്പ്, ഊവ്വടി, തീർഥക്കര, കാട്ടിപ്പാറ, നെല്ലിത്തട്ട് തുടങ്ങിയ സ്ഥലങ്ങളിലെ ഇരുന്നൂറോളം കർഷകർക്ക് നേരിട്ടും ബേഡഡുക്ക, ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ കർഷകർക്കും വേലി ഏറെ ഗുണം ചെയ്യും. തീർഥക്കര–-കോളിക്കുണ്ട് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കർഷകരിൽ നിന്നും ശേഖരിച്ച ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് വേലി നിർമിച്ചത്. 5000 രൂപ വരെ സംഭാവന നൽകിയ കർഷകരുമുണ്ട്. വേലി സ്ഥാപിക്കുന്ന പണിക്കും കർഷകർ സൗജന്യമായി എത്തി. പുലിപ്പറമ്പിൽ ബ്ലോക്ക് പഞ്ചായത്ത് വേലി നിർമിക്കുമ്പോൾ ഉപേക്ഷിച്ച പഴയ കമ്പിയും ഇവർ ശേഖരിച്ച് ഉപയോഗിച്ചു. ഇതും ചിലവ് കുറയാൻ കാരണമായി. വനംവകുപ്പ് സൗകര്യവും ഒരുക്കിയതോടെ വേലി ഒരുമാസത്തിനകം തയ്യാറായി.
മതിയായ അകലത്തിൽ ഇരുമ്പുതൂണിലും മരത്തിലും സ്ഥാപിച്ച് മൂന്നുവരിയായാണ് സോളാർ വേലിയുള്ളത്. വൈദ്യുതിയെത്തിക്കുന്ന സോളാർ പാനലുകൾ മലാംകടപ്പിലും തീർഥക്കരയിൽ രണ്ടിടത്തും സ്ഥാപിച്ചു. വെകിട്ട് ആറുമതൽ രാവിലെ ആറുവരെ സമീപത്തെ വീട്ടുകാർ ലൈൻ ചാർജാക്കും. ട്രയൽ നടത്തിയപ്പോൾ തന്നെ ആനയും കാട്ടുപോത്തും വരാതായി. കാട്ടുപോത്തുകൾ പലതവണ കടക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. കെ കുഞ്ഞിരാമൻ തീർഥക്കര കൺവീനറായും ശ്രീധരൻ ഊവടി ചെയർമാനുമായുള്ള കമ്മിറ്റിയാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.
No comments