Breaking News

മലയോരം നായ്പ്പേടിയിൽ വടി ഇല്ലെങ്കിൽ കടി ഉറപ്പ്‌


രാജപുരം : നാടോടുമ്പോൾ നടുവേ ഓടുകയെന്നാണ് ചൊല്ലെങ്കിലും നായയെ പേടിച്ച് ഏതുവഴി ഓടണമെന്നറിയാതെ വിദ്യാർഥികൾ വലയുകയാണ്‌ മലയോരത്ത്‌. കുട്ടികളെ സ്‌കൂളിൽ വിടാൻപോലും ഭയമായിരിക്കുകയാണ്‌ രക്ഷിതാക്കൾക്ക്. സ്‌കൂൾ വഴികളും റോട്ടിലും തെരുവുനായ്‌ക്കൾ കൈയടക്കി. പോക്കറ്റ് റോഡുകളിലും കടത്തിണ്ണകളിലുംവരെ കൂട്ടത്തോടെ ഇവയെകാണാം.
നിയമത്തിന്റെ കുരിക്കിൽ അധികൃതർക്ക്‌ നടപടിയെടുക്കാനാവാതിരിക്കുമ്പോൾ വിദ്യാർഥികൾ സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും പേടിച്ചാണ്‌. പല സ്‌കൂൾ മുറ്റവും നായ്‌ക്കൾ കൈയടക്കി. വിദ്യാർഥികളെ രാവിലെയും, വൈകിട്ടും രക്ഷിതാക്കൾതന്നെ സ്‌കൂളിൽ കൊണ്ടുവിടുകയാണിപ്പോൾ. ഇരിയ, അട്ടേങ്ങാനം. കോടോം,കൊട്ടോടി, കാലിച്ചാനടുക്കം, തായന്നൂർ, രാജപുരം, പനത്തടി, പാണത്തൂർ, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളിലെ സ്‌കൂൾ പരിസരങ്ങളിലെല്ലാം നായ ശല്യമുണ്ട്‌.

വളർത്തുമൃഗങ്ങൾക്ക് 
ലെെസൻസ് നിർബന്ധമാക്കും
ലൈസൻസില്ലാത്ത വളർത്തുമൃഗങ്ങളെ  വളർത്താനുള്ള അനുമതി പഞ്ചായത്ത് നൽകില്ല. പലപ്പോഴും വീടുകളിൽ വളർത്തുന്ന നായ്ക്കളാണ് പിന്നീട് ടൗണുകളിൽ അലഞ്ഞുതിരിയുന്നത്. ഇതുതടയും.  ലൈസൻസ് നിബന്ധനകൾക്കെതിരെ പ്രവർത്തിക്കുകയോ വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്കെതിരെ  നിയമ നടപടിയെടുക്കും. 
പി ശ്രീജ, കോടോം –ബേളൂർ പഞ്ചായത്ത് പ്രസിഡന്റ്
നായ്ക്കളെ അലയാൻ വിടരുത്
വഴിയാത്രക്കാളെയും വിദ്യാർഥികളെയും  തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. പഞ്ചായത്തിൽ  ആരും  ലൈസൻസില്ലാതെ  നായ്ക്കളെ വളർത്താൻ പാടില്ല. ലൈസൻസ് അനുവദിക്കപ്പെട്ട മൃഗത്തെ അതിന്റെ ഉടമസ്ഥൻ തന്റെ പരിസരത്ത് തന്നെ വളർത്തേണ്ടതാണ്.  ഇവയെ  അലഞ്ഞുതിരിയാൻ വിടരുത്.  
ടി കെ നാരായണൻ, കള്ളാർ പഞ്ചാത്ത് പ്രസിഡന്റ്
വളർത്തുനായ്ക്കളെ 
കൂട്ടിലിട്ടുവളർത്തണം
കാൽനടയാത്രക്കാരെ നായ്ക്കൾ കടിക്കുന്നത് പതിവായി.വളർത്തുനായ്ക്കളെ  കൂട്ടിലിട്ടുവളർത്തണം.   വളർത്തു  മൃഗങ്ങളുടെ ലൈസൻസ്  നിർബന്ധമാക്കും. തെരുവ് നായ്ക്കളെ  നിയന്ത്രിക്കാൻ ഭരണസമിതിക്ക് കഴിയുന്നതെല്ലാം ചെയ്യും. 
പ്രസന്ന പ്രസാദ്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്



No comments