Breaking News

ജില്ലാ വികസനസമിതി യോഗം സമാപിച്ചു ; പരപ്പച്ചാൽ പാലത്തിന്റെ തകർന്ന കൈവരിയും മലയോര ഹൈവേയിൽ കാറ്റാംകവലയിൽ ഇടിഞ്ഞഭാഗവും പുനർനിർമിക്കും പാണത്തൂർ –സുള്ള്യ 
ബസ് സർവീസ് പുനരാരംഭിക്കും


കാസർകോട്‌ : ജില്ലയിലെ തെരുവുനായ  ശല്യത്തിന്‌ ഉടൻ പരിഹാരം കാണണമെന്ന്‌  ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എബിസി കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ  പ്രശ്നത്തിന് പരിഹാരമാകുമെന്ന്‌ കലക്ടർ യോഗത്തിൽ അറിയിച്ചു. തെരുവ് നായ്ക്കളുടെ ശല്യം മനുഷ്യ ജീവന് ഭീഷണിയാകുന്ന വിധത്തിൽ രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് നാട്ടുകാരുടെയോ ജനപ്രതിനിധികളുടെയോ പരാതി ലഭിച്ചാല്‍ സബ് കലക്ടര്‍ അല്ലെങ്കില്‍ ആര്‍ഡിഒ പരിശോധിച്ച്   നടപടിയെടുക്കും. ശല്യം രൂക്ഷമായതിന്റെ  ചിത്രങ്ങളും  പ്രദേശത്തിന്റെ  വിവരങ്ങളുമടക്കമാണ് പരാതി നല്‍കേണ്ടത്.
പരപ്പച്ചാൽ പാലത്തിന്റെ തകർന്ന കൈവരി ഒക്ടോബർ 15നകം പുനഃസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കോളിച്ചാൽ–--ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞഭാഗം പുനർനിർമിക്കും. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പ്രദേശത്ത് ഉപ്പുവെള്ളംകയറുന്നത് തടയാൻ പുഴയിൽ നീരൊഴുക്ക് കൂടുന്ന സമയത്ത് ഷട്ടർ പൂർണമായി ഉയർത്തി പ്രശ്‌നത്തിന് പരിഹാരം കാണും. 
പാണത്തൂർ –-സുള്ള്യ 
ബസ് സർവീസ് പുനരാരംഭിക്കും
കോവിഡ് കാലത്ത് നിർത്തലാക്കിയ പാണത്തൂർ സുള്ള്യ ബസ് സർവീസുകളിൽ ഒരെണ്ണം ഉടൻ പുനരാരംഭിക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. മലയോരത്തെ പ്രദേശത്തെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിന്, നിർത്തലാക്കിയ മുഴുവൻ ബസ്സ് ട്രിപ്പുകളും പുനഃരാരംഭിക്കണമെന്ന് ഇ ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു.   കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറിൽ അനധികൃതമായി സ്ഥാപിച്ച ഭക്ഷണശാലകൾ പൊളിച്ചുനീക്കും. ഡിടിപിസിയുമായുള്ള കരാർ ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശംനൽകി. 
ടാറ്റ ആശുപത്രി: 
ഉപകരണങ്ങൾ മറ്റ് 
ആശുപത്രികളിലേക്ക്  മാറ്റണം
പ്രവർത്തനം താൽക്കാലികമായി നിർത്തിയ  ടാറ്റ ട്രസ്റ്റ് ആശുപത്രിയിലെ ഉപകരണങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി  വൈദ്യുതി ബന്ധം താത്ക്കാലികമായി വിച്ഛേദിക്കണമെന്നും നിർദേശമുയർന്നു. പ്രവർത്തന സജ്ജമല്ലാത്ത ആശുപത്രിയിൽ വൈദ്യുതി കുടിശ്ശിക നിലനിൽക്കുന്നതിനാലാണ് നിർദേശം. 
  ആശുപത്രി പൂർണമായി പ്രവർത്തന സജ്ജമാകുമ്പോൾ തിരികെകൊണ്ടുവരികയും വൈദ്യുതി പുനഃസ്ഥാപിക്കുകയും വേണം. കാസർകോട് കെഎസ്ആർടിസി ഡിപ്പോയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടുമെന്ന് കലക്ടർ അറിയിച്ചു.  
കോയിപ്പാടി കടപ്പുറത്ത് 
ജിയോബാഗ് 
കടലാക്രമണം രൂക്ഷമായ കോയിപ്പാടി കടപ്പുറത്ത് 300 മീറ്റർ നീളത്തിൽ ജിയോബാഗ് സംരക്ഷണം ഒരുക്കും. കുടുംബശ്രീ ഉത്തര മേഖല പരിശീലന കേന്ദ്രത്തിന്  മടിക്കൈ പഞ്ചായത്തിൽ ഭൂമി നൽകുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ആവശ്യപ്പെട്ടു. പടന്നക്കാട് നെഹ്‌റു കോളേജ് ബസ് സ്‌റ്റോപ്പിൽ ടൗൺ ടു ടൗൺ ബസ്സുകൾ നിർത്താത്തത് ഗൗരവമായി പരിഗണിക്കണം.എംഎല്‍എമാരായ സി എച്ച് കുഞ്ഞമ്പു,   എ കെ എം അഷ്‌റഫ്, എന്‍ എ നെല്ലിക്കുന്ന് എന്നിവരും സംസാരിച്ചു.  

 



No comments