Breaking News

പാണത്തൂർ പരിയാരം ഇറക്കത്തിൽ അപകടം തുടർകഥ ; വിവിധ വാഹനപകടങ്ങളിൽ മരിച്ചത്‌ 15 പേർ


രാജപുരം : ഒരുവർഷത്തിനിടെ പരിയാരം ഇറക്കത്തിലുണ്ടായ വിവിധ വാഹനപകടങ്ങളിൽ മരിച്ചത്‌ 15 പേർ. വെള്ളി രാത്രി പത്തിന്‌ പാണത്തൂർ ചെമ്പേരിയിലെ പമ്പിലേക്ക് ഡീസൽ കയറ്റിപ്പൊവുകയായിരുന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിയാരം പള്ളിക്ക് സമീപത്തെ ഹസൈനാറിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും വീട്ടുകാർ രക്ഷപ്പെട്ടു. കഴിഞ്ഞവർഷം ഇതേസ്ഥലത്ത്‌ മരംകയറ്റിയ ലോറി മറിഞ്ഞ് മൂന്ന് തൊഴിലാളികൾ മരിച്ചു. ർണാടകത്തിൽനിന്നും വിവാഹ പാർട്ടി സഞ്ചാരിച്ച ബസ്‌ മറിഞ്ഞ് 12 പേർ മരിച്ചതും ഇവിടെത്തന്നെ. കുത്തനെയുള്ള ഇറക്കമായതിനാൽ പലപ്പോഴും വാഹനങ്ങൾ നിയന്ത്രണം വിടും. രാത്രിയിലാണ് മിക്ക അപകടങ്ങളും നിരവധി കുടുംബങ്ങളാണ് റോഡിന് സമീപത്തുള്ളത്‌. ഇതിനുമുമ്പ്‌ ഒരുവീട്ടിനുമുകളിലേക്ക്‌ മറിഞ്ഞെങ്കിലും വീട്ടുകാർ ബന്ധുവിട്ടിൽ പോയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. സംസ്ഥാനാന്തര പാതയായ സുള്ള്യ-പാണത്തൂർ റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. പലപ്പോഴും ഇവിടെ വൻ ദുരന്തങ്ങൾ വഴിമാറിയത് തലനാരിഴയ്ക്കാണ്. റോഡിനു വീതി കുറവായതിനാൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ കെെവരി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തലയ്ക്ക് മുകളിൽ 
ഭീതി

രാജപുരം : പരിയാരം ഇറക്കത്തിൽ വാഹനാപകടം പതിവാവുകുന്നത് പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ടാങ്കർ ലോറി പതിച്ചത് മുസ്ലിം പള്ളിക്ക് സമീപത്തെ ഹസൈനാറിന്റെ വീട്ടിലേക്കാണ്. വൻശബ്ദത്തോടെ ലോറി വീടിന് മുകളിലേക്ക് വീണതോടെ ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പുറത്തേക്കിറങ്ങി. ലോറി പതിച്ചത് അടുക്കള ഭാഗത്തായതിനാൽ ഇവർ രക്ഷപ്പെട്ടു. അഞ്ച് വാഹനാപകടങ്ങളാണ് ഈ കുടുംബാംഗങ്ങൾ നേരിൽ കണ്ടത്.
ശബ്ദംകേട്ടപ്പോൾ ജീവൻപോയെന്ന് കരുതിയതായി ഹസൈനാറിന്റെ ഭാര്യ ഫാത്തിമ്മ പറഞ്ഞു. അതുവരെ അടുക്കളയിൽ ഉണ്ടായ ഇവർ അപകടം നടക്കുന്നതിന് തൊട്ടുമുമ്പാണ് ഭക്ഷണം കഴിക്കാൻ ഹാളിലേക്ക് വന്നത്. ഒരുവർഷംമുമ്പ് സമീപത്തുണ്ടായ അപകടത്തിൽ അയൽവാസി ജോസിന്റെ വീട് പൂർണമായും തകർന്നു. അതിനുശേഷം നടന്ന മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ലോറി പതിച്ചതും സമീപത്തെ ശശിയുടെ വീട്ടിലേക്ക്. അന്ന് വീടിന്റെ മുൻവശംതകർന്നെങ്കിലും വീട്ടുകാർ രക്ഷപ്പെട്ടു. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും സമീപവാസികളുടെ ഭീതി ഒഴിയുന്നില്ല. ടാങ്കറിലെ ഡീസൽ പുറത്തേക്കൊഴുകിയതിനാൽ പലരുടെയും കിണർ വെള്ളത്തിൽ കലർന്നുവെന്ന് നാട്ടുകാർ പറഞ്ഞു.


No comments