Breaking News

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് വെള്ളരിക്കുണ്ട് താലൂക്കിൽ സമാപനം ജില്ലയിൽ ആകെ 1683 പരാതികൾ പരിഗണിച്ചു: 701 പരാതികൾ തീർപ്പാക്കി


സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന്  വെള്ളരിക്കുണ്ട് താലൂക്കില്‍ സമാപനം. മെയ് 27ന് കാസര്‍കോട് താലൂക്കില്‍ നിന്നാരംഭിച്ച അദാലത്ത് ഹൊസ്ദുര്‍ഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലായി പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനായി. ജില്ലയില്‍ ആകെ 1653 പരാതികള്‍ പരിഗണിച്ചതില്‍ 701 പരാതികള്‍ തീര്‍പ്പാക്കി. അദാലത്തുകളില്‍ തത്സമയം 688 പരാതികളാണ് ലഭിച്ചത്. തീര്‍പ്പാക്കാനുള്ള പരാതികളും തത്സമയം ലഭിച്ച പരാതികളും തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പരാതികള്‍ പരിഹരിക്കാന്‍ പരമാവധി 15 ദിവസമാണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്നത്.


കാസര്‍കോട് താലൂക്കില്‍ 503 പരാതികളാണ് ലഭിച്ചത്. 243 പരാതികള്‍ തീര്‍പ്പാക്കി. 127 പുതിയ പരാതികള്‍ സ്വീകരിച്ചു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ലഭിച്ച 608 പരാതികളില്‍ 166 എണ്ണം തീര്‍പ്പാക്കി. 151 പുതിയ പരാതികള്‍ ലഭിച്ചു. മഞ്ചേശ്വരം താലൂക്കില്‍ 301 പരാതികളില്‍ 189 എണ്ണം തീര്‍പ്പാക്കി. 112 പരാതികള്‍ തത്സമയം സ്വീകരിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍  271 പരാതികളാണ് ലഭിച്ചത്. ഇതില്‍ 103 എണ്ണം തീര്‍പ്പാക്കി. 233 പുതിയ അപേക്ഷകള്‍ ലഭിച്ചു.


മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡിലേക്ക് മാറിയവര്‍, ലൈഫ് മിഷന്‍, ചികിത്സ ധനസഹായം, സ്വയം തൊഴില്‍, മരം മുറിക്കല്‍, റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, കുടിവെള്ള പ്രശ്‌നം, ലോണുകള്‍, തുടങ്ങി വിവിധ പരാതികളുമായി എത്തിയവരില്‍ പരിഹാരത്തിന്റെ ആശ്വാസം മന്ത്രിമാരില്‍ നിന്ന് ലഭിച്ചതോടെ പലരും മടങ്ങിയത് ആനന്ദാശ്രുക്കളോടെ സര്‍ക്കാറിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു.


ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, എ.ഡി.എം കെ.നവീന്‍ ബാബു, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഡപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെഗ്ഗി പോള്‍ എന്നിവരും പരാതികള്‍ പരിഗണിച്ചു. തഹസില്‍ദാര്‍മാരാണ് താലൂക്ക് തല അദാലത്തുകളുടെ സംഘാടനത്തിന് നേതൃത്വം നല്‍കിയത്. അദാലത്തില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായി ഇടപെട്ടെന്നും ജില്ലയിലെ നാല് താലൂക്കുകളിലും നടത്തിയ കരുതലും കൈത്താങ്ങും അദാലത്ത് വിജയകരമാണെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പ ശേഖര്‍ പറഞ്ഞു. തീര്‍പ്പാക്കാനുള്ള  പരാതികളില്‍മേല്‍ അനുവദിച്ച സമയത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ ലഭിച്ച പരാതികളില്‍ തീര്‍പ്പാക്കുന്നതിന് കൃത്യമായ മോണിറ്ററിംഗ് നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

No comments