Breaking News

വെള്ളരിക്കുണ്ട് –ഹൊസ്ദുർ​ഗ് ബൈപ്പാസിന്‌ പച്ചക്കൊടി ഇനി എളുപ്പം കാഞ്ഞങ്ങാട്ടെത്താം മടിക്കൈ, കോടോം–-ബേളൂർ, ബളാൽ, കിനാനൂർ–-കരിന്തളം പഞ്ചായത്ത്‌ നിവാസികളാണ്‌ പ്രധാന ​ഗുണഭോക്താക്കൾ


കാഞ്ഞങ്ങാട് : വെള്ളരിക്കുണ്ട് –-ഹൊസ്ദുർ​ഗ് താലൂക്കുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡിന് പച്ചക്കൊടിയുമായി പൊതുമരാമത്ത് വകുപ്പ്. കോടോം–-ബേളൂർ പഞ്ചായത്ത് 10 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് കൈമാറിയാൽ റോഡ് ഏറ്റെടുക്കാമെന്നും, ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്ന മുറയ്ക്ക് ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കാമെന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്‌ രാമചന്ദ്രന്റെ കത്തിൽ പറയുന്നു.
ചെമ്മട്ടംവയൽ –-കാലിച്ചാനടുക്കം റോഡിന് കുറുകെ 8.5 കിലോമീറ്റർ റോഡ് നവീകരിച്ച് 31 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ് നിർമിക്കണമെന്ന നിവേദനത്തിലാണ് മറുപടി. നിർദ്ദിഷ്ട പാതയുടെ 75 ശതമാനവും മെക്കാഡം ടാർ ചെയ്തിട്ടുണ്ട്. തണ്ണീർപന്തലിൽനിന്ന് വേങ്ങച്ചേരി കോളനി, മഹാവിഷ്ണു ക്ഷേത്രം വഴി ഹയാത്തുൽ ഇസ്ലാം മദ്രസ വരെ 2.5 കിലോ മീറ്ററും തായന്നൂരിൽനിന്ന് മാളം സർക്കാരി കോളനി, സെന്റ് സെബാസ്റ്റ്യൻ ചർച്ച്, അംബ്രോസദൻ വൃദ്ധമന്ദിരം, അട്ടക്കണ്ടം ​ഗവ എൽപി സ്കൂൾ, മാണിയൂർ മഹാദേവ ക്ഷേത്രം വഴി ആറുകിലോ മീറ്ററുമാണ് നവീകരിക്കേണ്ടത്. സർക്കാരിന് അധിക ബാധ്യതയില്ലാതെ 15 കോടിയിൽ താഴെ ഫണ്ടിൽ യാഥാർഥ്യമാക്കാനാകും.
വെള്ളരിക്കുണ്ടിനെയും ഹൊസ്ദുർ​ഗിനെയും ബന്ധിപ്പിക്കുന്ന ഒടയംചാൽ റൂട്ടിൽ 36 കിലോമീറ്ററും, അടുക്കം–-നീലേശ്വരം റൂട്ടിൽ 41, അടുക്കം–-തായന്നൂർ–-കാഞ്ഞിരപ്പൊയിൽ റൂട്ടിൽ 40 കിലോമീറ്റർ യാത്ര ചെയ്യണം. ഇതിനെയൊക്കെ അപേക്ഷിച്ച്‌ പത്തുകിലോമീറ്റർ ദൂരംകുറഞ്ഞ റൂട്ടാണ്‌ ബൈപാസ്.
വേങ്ങച്ചേരി, ഇടത്തോട്, വള്ളിച്ചിറ്റ, തൊട്ടി, ഒടച്ചിലടുക്കം, ക്ലിനിപ്പാറ, മാണിയൂർ, അട്ടക്കണ്ടം, കുളിക്കുന്നകുണ്ട്, നെരോത്ത്, എരളാൽ, തീർക്കാനം, പീരോൽ, തേറംകല്ല്, സർക്കാരി, കയ്യുള്ളമൂല, മാളം, തായന്നൂർ, കുഴിക്കോൽ കോളനികൾക്കും ഉപകാരപ്പെടും. മടിക്കൈ, കോടോം–-ബേളൂർ, ബളാൽ, കിനാനൂർ–-കരിന്തളം പഞ്ചായത്ത്‌ നിവാസികളാണ്‌ പ്രധാന ​ഗുണഭോക്താക്കൾ. ജില്ലാ ആശുപത്രിയിലേക്കും എളുപ്പത്തിലെത്താം. കാരാട്ടുവയൽ വഴിയാണ് നിർദിഷ്ട ബൈപാസ്‌ കെഎസ്ടിപി പാതയിലെത്തുക.


No comments