പോകാനാളുണ്ട്, ബസ്സില്ല; മലയോരത്ത് യാത്രക്ലേശം രൂക്ഷം ധാരാളം യാത്രക്കാരുള്ള വെള്ളരിക്കുണ്ട്, ഇരിട്ടി, മാനന്തവാടി ഭാഗത്തേക്കാണ് ആവശ്യത്തിന് ബസ്സില്ലാത്തത്
കാഞ്ഞങ്ങാട് : കോവിഡിന് ശേഷം മലയോരത്ത് തുടരുന്ന യാത്രക്ലേശം ഇനിയും പരിഹരിച്ചില്ല. കുടിയേറ്റ മലയോര മേഖലയിലേക്കും തിരിച്ചും ധാരാളം യാത്രക്കാരുള്ള വെള്ളരിക്കുണ്ട്, ഇരിട്ടി, മാനന്തവാടി ഭാഗത്തേക്കാണ് ആവശ്യത്തിന് ബസ്സില്ലാത്തതിനാൽ ദുരിത യാത്ര ഏറെ.
നല്ല വരുമാനമുള്ള റൂട്ടുകളാണിത്. എന്നിട്ടും കെഎസ്‌ആർടിസി ഈ മേഖലയെ കൈയാഴിയുകയാണ്. കാസ കോട് , കണ്ണൂർ, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധപ്പെടുത്തി കൂടുതൽ സർവീസുകൾ തുടങ്ങണമെന്നാണ് മുഖ്യ ആവശ്യം. രാവിലെയുള്ള ബളാൽ, മാനന്തവാടി സർവീസുകളിൽ യാത്രക്കാരെ ഫുള്ളാണ്. സീറ്റില്ലാത്തതിനാൽ യാത്രക്കാരെ ഒഴിവാക്കി പോകുന്നുമുണ്ട്. ബളാൽ–- മാനന്തവാടി സർവീസിൽ വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കൽ, ചെറുപുഴ സ്റ്റോപ്പുകൾ എത്തുമ്പോഴേക്കും സീറ്റില്ല. കൊട്ടിയൂർ, മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാർ പലപ്പോഴും നിന്നാണ് സഞ്ചരിക്കുന്നത്.
ആലക്കോട് കഴിഞ്ഞ് ബസിൽ സ്‌റ്റെപ്പിൽ വരെ യാത്രക്കാരാണ്. രാവിലെ കൊട്ടിയൂർ, പേരാവൂർ, ഇരിട്ടി മുതൽ വയനാട് വരെ പോകേണ്ടവർ ബസ് കാത്ത് നിന്ന് നിരാശരാകുകയാണ്.
ആസ്ഥാനത്തുനിന്നും ബസ് വേണം
പെർള, ബന്തടുക്ക, പാണത്തൂർ, കൊന്നക്കാട് മുതലായ എന്നിവിടങ്ങളിൽ നിന്ന് വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി,കൊട്ടിയൂർ വഴി മാനന്തവടിയിലേക്കും, കാസർകോട് ബത്തേരി, കാഞ്ഞങ്ങാട്, മാനന്തവാടി, നിലമ്പൂർ റൂട്ടിലും പുതിയ സർവീസുകൾ അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
നിലവിൽ കാസർകോട് ഡിപ്പോയിൽ നിന്ന് ട്രെയിൻ, ദേശീയപാത റൂട്ടുകൾക്ക് സമാന്തരമായ സർവീസിനാണ് പ്രാമുഖ്യം. കാസർകോട്–- വെള്ളരിക്കുണ്ട്,–- ഇരിട്ടി–- മാനന്തവാടി, കാസകോട്–- ബത്തേരി –- നിലമ്പൂർ റൂട്ടുകളിൽ സർവീസ് നടത്തിയാൽ നല്ല വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. രാവിലെ 5.30 നും 6.15 നും രണ്ടു മാനന്തവാടി സർവീസുകൾ ജില്ലയിൽ നിന്നും പോയാൽ അടുത്ത ബസ് 12.45 ന് ബത്തേരി ഫാസ്‌റ്റ് പാസഞ്ചർ മാത്രമേയുള്ളൂ.
No comments