Breaking News

വ്യാജരേഖാ കേസിൽ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി




വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അല്പസമയം മുൻപാണ് പൊലീസ് വിദ്യയുടെ അററ്റ് രേഖപ്പെടുത്തിയത്. സമർപ്പിച്ചത് വ്യാജരേഖയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യ. 

വിദ്യയെ കോഴിക്കോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് വിവരം. പാലക്കാട് അ​ഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന വിദ്യയെ പതിനഞ്ചാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പാലക്കാട് അഗളി പൊലീസും കാസർകോഡ് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്.




കേസിൽ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത വ്യാജരേഖ കേസിലും മുൻകൂർ ജാമ്യം തേടി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നൽകണമെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. ഈ മാസം 24 ന് ജാമ്യ ഹർജി കോടതി പരിഗണിക്കും.

കരിന്തളം ഗവ. ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിൻറെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.

കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എഡ്യൂക്കേഷൻ കണ്ടെത്തിയിരുന്നു. ഒരു വർഷക്കാലം വിദ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും.




തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യ. കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഡാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നാണ് ആരോപണം. അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയ ബയോഡാറ്റയിലെ കയ്യക്ഷരവും വിദ്യയുടെ യഥാര്‍ത്ഥ കയ്യക്ഷരവും തമ്മില്‍ ഒത്തുനോക്കിയും അന്വേഷണസംഘം പരിശോധിക്കും. കയ്യക്ഷരം കോടതിയില്‍ തെളിവായി പൊലീസ് സമര്‍പ്പിക്കും.

ഇന്നലെ രാത്രിയാണ് കോഴിക്കോട് മേപ്പയൂരിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. വിദ്യയുടെ സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അടുത്ത സുഹത്തിനെ ചോദ്യം ചെയ്തതിലൂടെ വിദ്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സുഹൃത്തിന്റെ ഫോണും പൊലീസ് വാങ്ങിവച്ചു.

No comments