Breaking News


കലക്‌ടർ ഇടപെട്ടു ; ഒടയഞ്ചാൽ കോടോത്ത് വിദ്യാർഥികളുടെ ദുരിതയാത്ര സ്‌കൂൾ അധികൃതരോട് വിശദീകരണം തേടി


രാജപുരം : വിദ്യാർഥികളുടെ കഠിനയാത്രയെക്കുറിച്ച്‌ കലക്ടരും മോട്ടോർ വാഹന വകുപ്പും സ്‌കൂൾ അധികൃതരോട്‌ വിശദീകരണം തേടി. കഴിഞ്ഞ ദിവസം കോടോം ഡോ. അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ അപകടം വിളിച്ചു വരുത്തുന്ന നിലയിൽ വാഹന യാത്ര നടത്തിയത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തയായിരുന്നു . ഇതേതുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി വിശദീകരണം ആവശ്യപ്പെട്ടത്. ഇതിന് പുറമെ ടാക്‌സി ഡ്രൈവർമാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്‌.
കോടോം, ഉദയപുരം, പെരിയ, കുണ്ടംകുഴി ഭാഗത്തേക്കുള്ള യാത്രാസൗകര്യത്തിന്റെ കുറവ് സ്‌കൂൾ വിദ്യാർഥികളെ ഏറെ ബാധിക്കുന്നു. ഒടയംചാലിൽനിന്നും കോടോം ഭാഗത്തേക്കുള്ള ആളുകളുടെ യാത്ര പലപ്പോഴും ട്രിപ്പ് ജീപ്പുകളിലാണ്‌. എന്നാൽ ജീപ്പ് യാത്ര വലിയ അപകടം വിളിച്ചു വരുത്തുന്ന നിലയിലാണ് . യാത്ര സൗകര്യത്തിന്റെ കുറവുകാരണം വിദ്യാർഥികൾ ട്രിപ്പ് ജീപ്പുകളുടെ പുറത്ത് പിടിച്ചു തൂങ്ങിയുള്ള യാത്ര ഭയപ്പെടുത്തുന്നതാണ്. കൈ വിട്ടുപോയാൽ എന്തും സംഭവിക്കാം. ഇത്തരത്തിലുള്ള യാത്ര രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്‌.
സ്‌കൂളിന് സ്വന്തമായി ബസ് സൗകര്യം ഉണ്ടെങ്കിലും സ്‌പെഷ്യൽ ക്ലാസ് ദിവസങ്ങളിലാണ് വിദ്യാർഥികൾ ജീപ്പിൽ തൂങ്ങി യാത്രചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ച് അപകടയാത്ര ഒഴിവാക്കാനുള്ള നടപടി ജില്ലാ ഭരണസംവിധാനം ഏർപ്പെടുത്തണമെന്ന് സ്‌കൂൾ പിടിഎ ആവശ്യപ്പെട്ടു.


No comments