Breaking News

പരപ്പയിൽ നിന്ന് മുക്കട പാലം വഴി കണ്ണൂരേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു


നീലേശ്വരം: കിനാനൂർ കരിന്തളം - കയ്യൂർ ചീമേനി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുക്കട പാലം വഴി പരപ്പയിൽ നിന്നും കണ്ണൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്ക് കോടോം ബേളൂർ, കള്ളാർ, പനത്തടി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇതിലൂടെ സാധിക്കും. നിർമ്മിച്ചു പതിനേഴ് വർഷത്തിലധികമായിട്ടും  ഇതുവഴി ബസ് സർവീസ് ആരംഭിച്ചില്ല. മലയോരത്തു നിന്നും ചീമേനി, പയ്യന്നൂർ, ചെറുവത്തൂർ, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴികൂടിയാണ് ഈ പാലം. പാലം വരുന്നതോടെ ബസ് സർവീസ് ആരംഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷമാത്രം ഇതുവരെയായും പൂവണിയാതെ കിടക്കുകയാണ്. വർഷങ്ങൾക്കു മുൻപ് കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പയിൽ നിന്നും ചീമേനി, പയ്യന്നൂർ വഴി പറശ്ശിനിക്കടവിലേക്കു ഒരു കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചിരുന്നെങ്കിലും ദിവസങ്ങൾ മാത്രമേ ഇത് ഓടിയുള്ളൂ. ഇതുവഴി ബസില്ലാത്തതിനാൽ മലയോര ജനത കിലോമീറ്ററുകൾ സഞ്ചരിച്ചു നീലേശ്വരത്തെത്തിയാണ് കണ്ണൂർ ഭാഗങ്ങളിലേക്കു പോകുന്നത്. ചീമേനി ഐ.എച്ച്.ആർ.ഡി, തൃക്കരിപ്പൂർ എൻജിനീയറിങ് കോളജ്, പയ്യന്നൂർ പാസ്പോർട്ട് ഓഫിസ്, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെത്താൻ 25 കിലോമീറ്ററുകളോളം അധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. അതു കൊണ്ടു തന്നെ മുക്കടപ്പാലം വഴി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ് . ജില്ലയിലെ മന്ത്രിയും മറ്റു ജനപ്രതിനിധികളും ഇക്കാര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

No comments