Breaking News

വിദ്യാവാഹിനിയിൽ ഇടമില്ല; സ്ക്കൂളിലെത്താൻ പെരുമഴയിൽ മലമടക്കുകൾ താണ്ടി കൊന്നക്കാട് ചെരുമ്പക്കോട്ടെ കുട്ടികൾ പ്രതിഷേധമറിയിച്ച് മുട്ടോംകടവ് ഊരുകൂട്ടം


കൊന്നക്കാട്:  മഴക്കാലമായാൽ കൊന്നക്കാട് ചെരുമ്പക്കോട് പ്രദേശത്ത് മക്കളെ മാതാപിതാക്കൾ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് ഉള്ളിൽ ഭീതിയോടെ. തിരികെയെത്തും വരെ ആധിയോടെ നോക്കിയിരിക്കുന്ന മാതാപിതാക്കളോട് പട്ടികവർഗ്ഗ വകുപ്പിന്റെ ഭാഗത്തു നിന്നും അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടി. 2023 - 24 വർഷത്തിൽ വിദ്യാവാഹിനി പദ്ധതിയുടെ സർക്കുലറിൽ കൊന്നക്കാട് ചെരിമ്പക്കോട് ഭാഗത്തു നിന്നുള്ള കുട്ടികൾ അനുവദനീയമല്ലെന്ന് അധികൃതർ അറിയിച്ചതോടെ ചെരിമ്പക്കോട് പ്രദേശത്തെ 20ൽ അധികം കുട്ടികളാണ് പെരുവഴിയിലായത്. മുൻ വർഷങ്ങളിൽ ഗോത്രവാഹിനി, ഗോത്രസാരഥി പദ്ധതിയിൽ യാത്ര സൗകര്യം ലഭിച്ചിരുന്ന കുട്ടികളാണിവർ. ചെരിമ്പക്കോട് നിന്നും നാല് കിലോ മീറ്ററുകൾ താണ്ടി അഞ്ചാം ക്ലാസ് മുതൽ പഠിക്കുന്ന 11, 12 വയസുമാത്രം പ്രായമായ കുഞ്ഞുങ്ങൾ പെരുമഴയത്ത് നനഞ്ഞ് കുതിർന്ന് സ്കൂളിലെത്തുന്ന അവസ്ഥ പോലും പരിഗണിക്കാതെയാണ് ബദ്ധപ്പെട്ട അധികൃതർ ഈ പ്രദേശത്തുള്ള കുട്ടികളെ ഒഴിവാക്കിയത്.  ബദ്ധപ്പെട്ട അധികാരികളുടെ ഇത്തരം നിലപാടിൽ മുട്ടോംകടവ് ഊര് കൂട്ടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒഴിവാക്കപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്ക് യാത്ര സൗകര്യം ഒരുക്കി കൊടുക്കണമെന്നും ഊര് കൂട്ടം ആവശ്യപ്പെട്ടു.


റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്




No comments