Breaking News

ഓട നിർമ്മിച്ചിട്ടുണ്ട്; എന്നാൽ മഴ വെള്ളം കുത്തിയൊലിക്കുന്നത് നടുറോഡിലൂടെ എടത്തോട് പയാളത്ത് അശാസ്ത്രീയ ഓട നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ


എടത്തോട്: ബളാൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എടത്തോട് - പയാളം റോഡിൽ കുത്തനെയുള്ള ഇറക്കത്തിൽ കൾവർട്ടിന്റെ സൈഡിൽ ഒരു ലക്ഷത്തിലധികം രൂപ മുടക്കി നിർമ്മിച്ച ഓടയിൽ കൂടി ഒരു തുള്ളി വെള്ളം പോലും ഒഴുകുന്നില്ല. കഴിഞ്ഞവർഷം പ്രദേശവാസികളുടെ നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും റോഡിലേക്ക് വരുന്ന വെള്ളം ഓട നിർമ്മിച്ച് കൾവർട്ടിന് സമീപത്ത് കൂടി തോട്ടിലേക്ക് വിടാൻ പഞ്ചായത്ത് അധികൃതർ തയാറായി. എന്നാൽ ഫലത്തിൽ സ്വകാര്യ വ്യക്തിയുടെ "അതിര് സംരക്ഷിച്ചു" എന്നല്ലാതെ ഓടയിൽ കൂടി തുള്ളി വെള്ളം പോലും ഒഴുകുന്നില്ല. ഇപ്പോഴത്തെ പെരുമഴയത്ത് മഴവെള്ളവും മുകളിൽ നിന്നും ഒഴുകി വരുന്ന മുഴുവൻ വെള്ളവും ഇപ്പോഴും റോഡിൽ കൂടിയാണ് ഒഴുകുന്നത്. സ്ക്കൂൾ, അംഗൻവാടി വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും വൻഭീഷണിയാണ് നിലവിലെ അവസ്ഥ. ലക്ഷങ്ങൾ ചിലവിട്ട് കൾവർട്ട് നിർമ്മിച്ചിട്ടും ഉപയോഗമില്ലാതെ പാഴാകുന്നതിൽ നാട്ടുകാരിൽ പ്രതിഷേധമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. അധികാരികളുടെ സത്വരശ്രദ്ധ ഈ വിഷയത്തിലുണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.

No comments