Breaking News

അമ്പത് വർഷമായി തുടരുന്ന പരപ്പ വീട്ടിയോടി റോഡിൻ്റെ ദുരവസ്ഥ; മഴക്കാലത്ത് പുറം ലോകത്ത് എത്താനാവാതെ ദുരിതത്തിലായി നാട്ടുകാർ


പരപ്പ: കിനാനൂർ കരിന്തളം പഞ്ചായത്ത്‌ എട്ടാം വാർഡ് പരപ്പ വീട്ടിയോടി റോഡിൻ്റെ ദുരവസ്ഥ വർഷം അമ്പത് കഴിഞ്ഞിട്ടും പഴയപടി തുടരുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം.

ടെണ്ടറിൻ്റെ പേര് പറഞ്ഞ് അധികാരികൾ ഒഴിഞ്ഞ് മാറുമ്പോൾ ദുരിതത്തിലാവുന്നത് വീട്ടിയോടിയിലെ സാധാരണക്കാരായ പ്രദേശവാസികളാണ് 

ഇവിടെ നിന്നും പുറം ലോകത്തെത്താൻ ഏക ആശ്രയമായ  ഈ റോഡിൻ്റെ ദുരവസ്ഥ എന്ന് പരിഹരിക്കപ്പെടും എന്ന ആശങ്ക മാത്രം ബാക്കിയാവുന്നു. വർഷ കാലത്ത്  മലവെള്ളം കുത്തിയൊലിച്ചിറങ്ങി വരുന്ന ഇവിടെ ഒരു കൾവർട്ട് പോലുമില്ലാത്തതിനാൽ കാൽനട യാത്ര പോലും ദുഷ്ക്കരമാണ്.  അസുഖബാധിധരായ അനവധി ജനങ്ങൾ  വരെ താമസിക്കുന്ന പ്രദേശത്തെ യാത്രസൗകര്യത്തിന് ഉപയോഗിക്കുന്ന റോഡാണ് അധികാരികളുടെ  

ശ്രദ്ധക്കുറവ് കൊണ്ട് ദുരിതത്തിലായത്. ഓരോ വർഷവും കാലവർഷം ശക്തിപ്രാപിക്കുമ്പോഴും വെള്ളത്തിന്റെ കുത്തിയൊലിപ്പ് കൂടി റോഡിന്റെ കരകളിലായി വർഷങ്ങൾക് മുമ്പേ കെട്ടിയ ഭിത്തികൾ ഇടിഞ്ഞു വീഴുകയാണെന്ന് നാട്ടുകാർ പറയുന്നു.. ഇങ്ങനെ തുടർന്നാൽ  യാത്ര സൗകര്യം തീരെ സാധിക്കാത്ത സ്ഥിതിയിൽ എത്തും. ഇപ്പോൾ മഴവെള്ളം ദിശമാറി  ഒഴുകുന്നതുമൂലം പല വീടുകൾക്കും മീതെയാണ് വെള്ളം ചെന്ന് പതിക്കുന്നത്.


പഞ്ചായത്തിന്റയും ബന്ധപ്പെട്ട അധികാരികളുടെയും സത്വര ശ്രദ്ധ ഈ വിഷയത്തിൽ അടിയന്തിരമായി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

No comments