Breaking News

ജില്ലയിൽ തോരാമഴ, തീരാദുരിതം.... വെള്ളരിക്കുണ്ട്‌ താലൂക്കിൽ തീവ്ര മഴയായിരുന്നു.


കാസർകോട്‌ : മൂന്നുദിവസമായി ജില്ലയിലെങ്ങും തിമിർത്തുപെയ്യുന്ന മഴയ്‌ക്കും കാറ്റിനും ശമനമില്ല. വെള്ളി രാത്രി തുടങ്ങിയ മഴ കാസർകോട്‌ ജില്ലയിൽ ഞായറാഴ്‌ചയും തുടർന്നു. വെള്ളരിക്കുണ്ട്‌ താലൂക്കിലും ഹൊസ്‌ദുർഗ്‌ താലൂക്കിലെ മലയോരമേഖലയിലും വ്യാപക നാശമുണ്ടായി. വെള്ളരിക്കുണ്ട്‌ തീവ്ര മഴയായിരുന്നു.
മലയോരത്ത്‌ ആഞ്ഞടിച്ച കാറ്റിൽ കൊന്നക്കാടും വള്ളിക്കടവിലും പല റോഡുകളിലും മരംവീണ്‌ ഗതാഗത തടസ്സവുമുണ്ടായി. ഇവിടെ വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. തൂണുകൾ തകര്‍ന്ന്‌ വൈദ്യുതി വിതരണ താറുമാറായി. ഗതാഗതവും തടസ്സപ്പെട്ടു. കൊന്നക്കാടിനും പുങ്ങംചാലിനും ഇടയിൽ നിരവധിയിടത്ത് റോഡിലേക്ക് മരം വീണ് യാത്രാതടസ്സം നേരിട്ടു. ഗതാഗതം തടസ്സപെട്ടതിനാൽ ജനം വലഞ്ഞു.
കാറ്റിൽ വട്ടക്കയത്ത് വീടിന് മുകളിലേക്ക് മരം വീണു. നാട്ടുകാരും കെഎസ്ഇബി തൊഴിലാളികളും ചേർന്ന് റോഡിൽവീണ മരങ്ങൾ മുറിച്ച് മാറ്റി വാഹനതടസ്സം നീക്കി. അനിൽ വടക്കുംനാഥൻ, ശ്രീജിത്ത്‌ കൊന്നക്കാട്, ടോമി കിഴക്കനാകത്ത്, മനു പന്തിരുവേലിൽ,എം രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡിലെ തടസങ്ങൾ നീക്കി. തുടർച്ചയായുണ്ടാകുന്ന ശക്തമായ കാറ്റ് ജനങ്ങൾ ആശങ്കയിലാക്കി.
വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിൽ അടുക്കളക്കണ്ടം കാവിൽ മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിൽ വെസ്റ്റ്എളേരി പെരുമ്പട്ട ഗവ. ഹൈസ്‌കൂൾ റോഡിലേക്ക് മരം പൊട്ടി വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കാൽനട യാത്രയും ഗതാഗതവും തടസ്സപ്പെട്ടു.
വെള്ളരിക്കുണ്ട് എ കെ ജി നഗറിൽ റോഡിലേക്ക് മരം പൊട്ടിവീണ് വൈദ്യുതി തടസ്സം നേരിട്ടു. കുറുക്കൂട്ടിപ്പൊയിൽ, തുള്ളംകല്ല്, കുറുഞ്ചേരി, അട്ടക്കാട് തുടങ്ങിയ പ്രദേശത്ത് റോഡിലേക്ക് മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകര്‍ന്നു. വട്ടക്കയം റോഡിൽ മരം വീണ് വൈദ്യുതി ലൈൻ തകര്‍ന്നു. ഗതാഗതവും തടസ്സപ്പെട്ടു.
പാണത്തൂർ–- സുള്ള്യ സംസ്ഥാന പാതയിൽ ബട്ടോളയിൽ മണ്ണിടിഞ്ഞ്‌ റോഡിൽ വിള്ളലുണ്ടായതിനെതുടർന്ന്‌ രാത്രിയാത്ര കലക്ടർ നിരോധിച്ചുണ്ട്‌. മൊഗ്രാൽ, നീലേശ്വരം, കാര്യങ്കോട് പുഴകളിൽ ജലനിരപ്പ്‌ അപകടനില കടന്നു. കാര്യങ്കോട്‌ പുഴ കുതിച്ചൊഴുകുകയാണ്‌. പുഴ കരകവിഞ്ഞതിനെത്തുടർന്ന്‌ പുലിയന്നൂർ, വടക്കേ പുലിയന്നൂർ, മയ്യിൽ, പൊതാവൂർ, കണിയാട, കിനാനൂർ, കയ്യൂർ, കൂക്കോട്ട്‌ , നീലായി, പാലായി, ചാത്തമത്ത്‌, പൊടോതുരുത്തി,ക്ലായിക്കോട്‌ ഭാഗങ്ങളിൽ വള്ളം കയറി.

ജില്ലയിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ ഓറഞ്ച്‌ അലർട്ടാണ്‌ പ്രഖ്യാപിച്ചത്‌. പലയിടത്തും 115.6 മീറ്റർ മുതൽ 200 മില്ലീലിറ്റർ വരെ മഴപെയ്‌തു. 27 വരെ ജില്ലയിൽ മഞ്ഞഅലർട്ടാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ദുരന്ത നിവാരണ സമിതി അറിയിച്ചു.

മലയോരത്ത്‌ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുണ്ട്‌. അപകടസാധ്യത മുന്നിൽകണ്ടാൽ 1077, 1070 ടോൾ ഫ്രീ നമ്പറുകളിൽ അറിയിക്കണം.


No comments