ബേഡകം ചേരിപ്പാടി ഗവ. എൽ പി സ്കൂളിൽ വിദ്യാർഥികൾക്ക് വായനക്കൂടാരമൊരുക്കി ജർമൻ ദമ്പതിമാർ
ബേഡകം : ചേരിപ്പാടി ഗവ. എൽ പി സ്കൂളിൽ വിദ്യാർഥികൾക്ക് വായനക്കൂടാരമൊരുക്കി ജർമൻ ദമ്പതിമാർ. റാൽഫ് ആപേൽ –-ആൻഡ്രിയ ആപേൽ എന്നിവരാണ് വായനസൗകര്യത്തിന് കെട്ടിടം നിർമിച്ചത്. സ്കൂളിലെ പൂർവവിദ്യാർഥി പ്രതീഷ് വേളാഴിയുടെ ഇടപെടലിലാണ് ജർമൻ ദമ്പതിമാർ മുമ്പ് സ്കൂൾ സന്ദർശിച്ചതും തുടർന്ന് വായനക്കൂടാരം നിർമിക്കാൻ താൽപ്പര്യം അറിയിച്ചതും. ചെങ്കല്ലിൽ തീർത്ത തൂണുകളും ഇരിപ്പിടവും ഓട് മേഞ്ഞ മേൽക്കൂരയുമുള്ള കെട്ടിടമാണ് കൂടാരം. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജർമൻ ദമ്പതിമാർ പങ്കെടുത്തു.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രതീഷ് വണ്ണാത്തിക്കാനം അധ്യക്ഷനായി. പ്രധാനാധ്യാപിക യു ജയശ്രീ പതാക ഉയർത്തി. പoന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കുള്ള എം എ മാധവൻ സ്മാരക പുരസ്കാരം പഞ്ചായത്തംഗം കെ രഘുനാഥ് നൽകി.
മുൻ പ്രധാനാധ്യാപകൻ പി പി പത്മകുമാർ നൽകിയ പ്രസംഗപീഠം, സ്കൂൾ വികസന സമിതി നൽകിയ ഉച്ചഭാഷിണി എന്നിവ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി ഏറ്റുവാങ്ങി. ബാലകൃഷ്ണൻ പാണ്ടിക്കാട്, സുനിത അമ്പിലാടി, സുനിൽകുമാർ വേളാഴി, കൃഷ്ണൻ താരംതട്ട, ജയൻ തൂവക്കോട്, പി സരള, എച്ച് ഓമന, കെ സരോജിനി എന്നിവരെ ആദരിച്ചു. ദിനേഷ് കുമാർ, ഗ്രീഷ്മ മൊട്ടമ്മൽ, വിനു വേളാഴി, എ അനിൽ കുമാർ എന്നിവർ സംസാരിച്ചു.
No comments