Breaking News

ചെറുപുഴ വാണിയംകുന്നിൽ ബ്ലാക്ക്മാന്റെ മറവിൽ മോഷണശ്രമവും; പൊറുതിമുട്ടി ജനം


ചെറുപുഴ : ബ്ലാക്ക്മാന്റെ മറവിൽ മോഷണശ്രമവും. വീടുകളിൽ തട്ടിവിളിച്ചും ചുവരെഴുതിയും നാട്ടുകാരെ ഭീതിയിലാക്കി ബ്ലാക്ക്മാൻ വിലസുന്നതിനിടെ മോഷണശ്രമവും. ബുധനാഴ്ച രാത്രി പത്തോടെ വാണിയംകുന്നിലെ കക്കുടക്കയിൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.

രാമചന്ദ്രൻ ഗേറ്റടയ്ക്കാൻ എത്തിയപ്പോൾ വീടിന്റെ പിൻവശത്ത് ആൾപ്പെരുമാറ്റം കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പൈപ്പ് റേഞ്ച്, ബൾബ് തുടങ്ങിയവ അടങ്ങിയ ഒരു ബാഗ് കണ്ടെത്തി.

സംഭവം ഉടൻ തന്നെ നാട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബാഗ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുമായി ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പ്രാപ്പൊയിൽ പെരുന്തടത്തെ കല്ലംമാക്കൽ സുധയുടെ വീടിന്റെ ഭിത്തിയിൽ ചുവരെഴുതുന്ന ബ്ലാക്ക്മാന്റെ ദൃശ്യം സി.സി.ടി.വി.യിൽനിന്ന് ലഭിച്ചിരുന്നു.

ഇത് രണ്ടാംപ്രാവശ്യമാണ് ബ്ലാക്ക്മാൻ ഇവിടെ ചുവരെഴുതുന്നത്. ദൃശ്യങ്ങൾ അവ്യക്തമായതിനാലും ബ്ലാക്ക്മാൻ മുഖം മറച്ചിരിക്കുന്നതിനാലും ആളെ തിരിച്ചറിയാനായിട്ടില്ല.


No comments