Breaking News

ബോണസ് ഇല്ല; ചീർക്കയത്ത് തൊഴിലാളികൾ നാളെ മുതൽ സമരത്തിലേക്ക്


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരിയിലെ ചീർക്കയം ക്രഷറിലെ തൊഴിലാളികൾക്ക് ബോണസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ശനിയാഴ്‌ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. 12 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. തൊഴിലാളികൾക്ക് ബോണസ് വർധന ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി ഈ വർഷം ബോണസ് വർധന ഒഴിവാക്കണമെന്ന് തൊഴിലുടമകൾ അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തെ ബോണസ് നൽകിയാൽ മതിയെന്ന് തൊഴിലാളി യൂണിയൻ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് ക്രഷറുകൾ കഴിഞ്ഞവർഷത്തെ ബോണസ് അനുവദിച്ച് നൽകിയിട്ടും ചീർക്കയം ക്രഷർ ബോണസ് നൽകാൻ തയ്യാറായില്ല. രണ്ട് തവണ മാനേജ്മെന്റുമായി തൊഴിലാളി യൂണിയൻ ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. ആ സാഹചര്യത്തിലാണ് യൂണിയൻ 26 മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചതെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) എളേരി ഏരിയാക്കമ്മിറ്റി പ്രസിഡന്റ് കെ ദിനേശൻ, സെക്രട്ടറി കെ ദാമോദരൻ എന്നിവർ അറിയിച്ചു.


No comments