മയക്കുമരുന്നുമായി നാല് കാസർകോട് സ്വദേശികൾ അറസ്റ്റിൽ; 10 ലക്ഷം രൂപയുടെ എം.ഡി.എം.എ പിടിച്ചെടുത്തു
മംഗളൂരു: നഗരത്തിൽ രണ്ടിടങ്ങളിലായി ബുധനാഴ്ച മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ട കാസർകോട് ജില്ലയിൽ നിന്നുള്ള നാല് പേരെ അറസ്റ്റ് ചെയ്തു.
മിയാപദവിലെ വി.കെ.ഇബ്രാഹിം അർഷാദ്(40), ഉദ്യാവർ സ്വദേശികളായ എ.എൻ.മുഹമ്മദ് ഹനീഫ് (47), സെയ്ദ് ഫൗജാൻ(30), കുഞ്ചത്തൂരിലെ സിറാജുദ്ദീൻ അബൂബക്കർ (35) എന്നിവരാണ് അറസ്റ്റിലായത്.ഇബ്രാഹിം ഒഴികെ മറ്റു മൂന്ന് പേരും കേരളത്തിൽ നിന്നുള്ള ധാരാളം പേർ ചികിത്സക്കും മറ്റുമായി എത്തുന്ന ഫൽനീർ ഭാഗത്ത് എംഡിഎംഎ വില്പന നടത്തുമ്പോഴാണ് പിടിയിലായത്.ഇവരിൽ നിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റൽ അളവ് തൂക്കം ഉപകരണം, മൊബൈൽ ഫോണുകൾ,4000 രൂപ, മയക്കുമരുന്ന് കടത്തിയ കാർ എന്നിവ പിടിച്ചെടുത്തു.കേസ് മംഗളൂരു നോർത്ത് പൊലീസിന് കൈമാറി.
മംഗളൂരു ജങ്ഷൻ റയിൽവേ സ്റ്റേഷനടുത്ത് ആലപെയിൽ മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് ഇബ്രാഹിം അറസ്റ്റിലായത്.അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റൽ അളവ് തൂക്ക യന്ത്രം, മൊബൈൽ ഫോൺ,1000 രൂപ എന്നിവ പിടിച്ചെടുത്തു.കേസ് കങ്കനാടി പൊലീസിന് കൈമാറി. ക്രൈംബ്രാഞ്ച് അസി.പൊലീസ് കമ്മീഷണർ പി.എ.ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
No comments