Breaking News

വിലയിടവ്‌ തുടരുന്നു മഴമാറിയിട്ടും, മലയോരത്തെ റബർ കർഷകർ ദുരിതത്തിലായി



വെള്ളരിക്കുണ്ട് : പ്രതിസന്ധികളിൽനിന്ന് പ്രതിസന്ധികളിലേക്ക്‌ നീങ്ങുന്ന റബർ കർഷകർ മഴ മാറിയിട്ടും ടാപ്പിങ് തുടങ്ങാൻ മടിക്കുന്നു. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള തുക റബറിനുകിട്ടാത്തതിനാലാണ്‌ ടാപ്പിങ് തുടങ്ങാൻ മടിക്കുന്നത്‌. ഇപ്പോൾ ആർഎസ്‌എസ്‌ ഫോറിന് കിലോയ്ക്ക് 144 രൂപയും, ഫൈവിന് 138 രൂപയും മാത്രമാണ്‌. ഗുഡ് ലോട്ടിന് 131, ലോട്ടിന് 121, ഒട്ടുപാൽ 77 രൂപ എന്നിങ്ങനെയാണ്‌ വില. 200 രൂപയെങ്കിലും കിലോയ്ക്ക് വില ലഭിച്ചാൽ മാത്രമേ അൽപമെങ്കിലും ആശ്വാസം ലഭിക്കൂ. ഇപ്പോൾ തൊഴിലാളികളെവച്ച് ടാപ്പിങ്‌ നടത്തിയാൽ കിട്ടുന്ന വരുമാനം തുച്ഛമായത് കൊണ്ടുതന്നെ പലരും ഇത്തവണ ടാപ്പിങ്‌ ഉപേക്ഷിക്കുന്ന മട്ടിലാണ്.സാധാരണ ആഗസ്ത് കഴിയുന്നതോടെ ടാപ്പിങ്‌ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം നടത്താറുണ്ടെങ്കിലും ഇത്തവണ തോട്ടങ്ങളിലെ കാടുപോലും വെട്ടിത്തെളിക്കാൻ തുടങ്ങിയില്ല. മഴ നേരത്തെ തന്നെ മാറിയത് കൊണ്ടുതന്നെ ടാപ്പിങ്ങിന്‌ അനുകൂല കാലാവസ്ഥയാണുള്ളതെങ്കലും വില കുറയുന്നത് ആശങ്കയോടെയാണ് കർഷകർ കാണുന്നത്.

ചിലയിടത്ത്‌ മഴക്കാല ടാപ്പിങ്ങിനുവേണ്ടി മരങ്ങളിൽ പ്ലാസ്‌റ്റിക് മറ ഒട്ടിച്ച കർഷകരും കടക്കെണിയിലായി. ഒരു മരത്തിന് പ്ലാസ്‌റ്റിക് ഒട്ടിക്കുന്നതിനായി 30, 40 രൂപയാണ് കർഷകർ മുടക്കിയത്. പ്രതിസന്ധികളെല്ലാം മറികടന്ന് ഉത്പാദനം ആരംഭിച്ച് ഷീറ്റും ഒട്ടുപാലുമായി കടകളിൽ എത്തിയപ്പോഴേയ്ക്കും വിലയും കുറഞ്ഞുതുടങ്ങി. അതേസമയം, ടയർ വ്യവസായികൾ വിലയിടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എല്ലാവർഷവും, സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി വില ഉയർത്തുകയും ടാപ്പിങ് ആരംഭിക്കുമ്പോൾ വില കുറയ്ക്കുകയും ചെയ്യുന്ന തന്ത്രമെന്ന് കർഷകർ പറയുന്നു.

റബർ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ നല്ല വില കിട്ടുമെന്നിരിക്കെ കമ്പനികൾ വ്യാപകമായി റബർ ഇറക്കുമതി നടത്തുകയാണ്. ഇത്‌ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ യാതൊരു നടപടിയെടുക്കുന്നുമില്ല.



No comments