Breaking News

കൊലപാതകശ്രമം ; അനുഷയ്ക്ക് സഹായം കിട്ടിയോ? കൂട്ട് പ്രതികളുടെ പങ്ക് തള്ളാതെ പൊലീസ്,


പത്തനംതിട്ട: തിരുവല്ല പരുമല ആശുപത്രിയിൽ നഴ്സ് വേഷത്തിൽ കടന്നു കയറി യുവതിയെ വായു കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനുഷയെ പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതിൽ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വധശ്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിന്റെയും പ്രതി അനുഷയുടെയും മൊബൈൽ ഫോണുകൾ പൊലീസ് സൈബർ വിഭാഗം പരിശോധിക്കുകയാണ്.

എയർ എംബോളിസം പ്രയോഗിച്ച് അഴിക്കുള്ളിലായ അനുഷയെ പൊലീസിന് കൂടുതൽ ചോദ്യം ചെയ്യണം. വധശ്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനോട് അനുവാദം വാങ്ങിയാണ് പ്രതി അനുഷ പരുമല ആശുപത്രിയിൽ എത്തിയത്. പ്രസവശേഷം വിശ്രമിക്കുന്ന ഭാര്യയെ കാണാൻ വരും എന്ന് മാത്രമാണ് പറഞ്ഞത്. കൊലപാതക ശ്രമം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് അരുൺ പൊലീസില്‍ മൊഴി നല്‍കിയത്. ഈ മൊഴി പൊലീസ് നിലവിൽ കണക്കിലെടുത്തെങ്കിലും, കൃത്യമായി മുറി കണ്ടെത്തി എയർ എംപോളിസം പോലെ വമ്പൻ കൊലപാതക പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്ന് പൊലീസിന് അറിയണം. ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ പിടികൂടിയതിന് തൊട്ടു പിന്നാലെ അനുഷ വാട്സാപ്പ് ചാറ്റുകൾ ക്ലിയർ ചെയ്തിരുന്നു. അനുഷയും മറ്റാരെങ്കിലുമായി ചേർന്ന് സ്നേഹയെ കൊലപ്പെടുത്താൻ പദ്ധതിട്ടോ എന്ന് കണ്ടെത്തണം. അതിന് ചാറ്റുകളും ഫോൺ വിളി രേഖകളും നിർണായകമാണ്. ഇതിനാണ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.




പ്രതി അനുഷയ്ക്ക പുറമേ സ്നേഹയുടെ ഭർത്താവ് അരുണിന്റെ ഫോണും സൈബർ വിഭാഗം പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങിയശേഷം അനുഷയെയും അരുണിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യൂം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിടുണ്ട്. ഇതും വിശദമായി പരിശോധിക്കും. അനുഷയുടെ ജാമ്യ അപേക്ഷയും നാളെ തിരുവല്ല മജിസ്ട്രേറ്റ് കോടതി മുൻപാകെ എത്തുന്നുണ്ട്. അതേസമയം, വധശ്രമത്തിന് ഇരയായ സ്നേഹയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

No comments